Currency

ഹറമൈന്‍ റയില്‍വേ: ജിദ്ദ- മക്ക ട്രാക്കില്‍ വിജയകരമായി പരീക്ഷണ ഓട്ടം നടത്തി; സര്‍വീസ് ഉടന്‍

സ്വന്തം ലേഖകന്‍Monday, October 23, 2017 7:22 am

മക്ക, മദീന പുണ്യ നഗരങ്ങളെ ജിദ്ദ, റാബിഖ് വഴി ബന്ധിപ്പിക്കുന്നതാണ് ഹറമൈന്‍ റയില്‍വേ. മക്ക ഹറം പള്ളിയില്‍ നിന്നു നാലു കിലോമീറ്റര്‍ അകലെ റുസൈഫ ഏരിയയിലാണ് മക്കയിലെ റയില്‍വേ സ്റ്റേഷന്‍.

 

ജിദ്ദ: സൗദി അറേബ്യയുടെ അഭിമാന പദ്ധതിയായ ഹറമൈന്‍ റയില്‍ പാതയിലൂടെ ഇതാദ്യമായി ട്രെയിന്‍ മക്ക സ്റ്റേഷനിലേക്ക് വിജയകരമായി പരീക്ഷണ ഓട്ടം നടത്തി. മക്ക, മദീന പുണ്യ നഗരങ്ങളെ ജിദ്ദ, റാബിഖ് വഴി ബന്ധിപ്പിക്കുന്നതാണ് ഹറമൈന്‍ റയില്‍വേ. മക്ക ഹറം പള്ളിയില്‍ നിന്നു നാലു കിലോമീറ്റര്‍ അകലെ റുസൈഫ ഏരിയയിലാണ് മക്കയിലെ റയില്‍വേ സ്റ്റേഷന്‍. പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്നും ഹറമൈന്‍ റയില്‍വേയില്‍ ഏറെ വൈകാതെ ഔദ്യോഗികമായ സര്‍വീസ് ആരംഭിക്കാനാകുമെന്നും സൗദി ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റി ആക്ടിങ് പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹ്, സൗദി റയില്‍വേ സിഇഓ ഡോ. ബഷാര്‍ അല്‍മാലിക് എന്നിവര്‍ പറഞ്ഞു. ഇതോടെ പരീക്ഷണ ഓട്ടങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

പദ്ധതിയുടെ എല്ലാ തലങ്ങളിലുമുള്ള സര്‍വ സജീകരണങ്ങളും സുരക്ഷാ – സാങ്കേതിക ഒരുക്കങ്ങളും വേണ്ടവിധം പൂര്‍ത്തിയായിട്ടുണ്ട്. തീര്‍ത്ഥാടന നഗരങ്ങളായ മക്കയേയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ പാതയില്‍ മക്ക റുസൈഫ, ജിദ്ദ സിറ്റി, ജിദ്ദ എയര്‍പോര്‍ട്ട്, റാബിഗ് കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവയാണ് സ്റ്റേഷനുകള്‍. 450 കിലോമീറ്റര്‍ ആണ് പാതയുടെ മൊത്തം ദൈര്‍ഘ്യം. യാത്ര മുഴുമിക്കാന്‍ രണ്ടു മണിക്കൂര്‍ സമയമെടുക്കും.

അതിനൂതന സാങ്കേതികത മികവോടും അത്യന്താധുനിക സൗകര്യങ്ങളോടും കൂടിയതാണ് ഹറമൈന്‍ റയില്‍വേ. 35 ട്രെയിനുകള്‍ ആണു സര്‍വീസിനായി ട്രാക്കിലുണ്ടാവുക. 138 പാലങ്ങളും 840 അണ്ടര്‍പാസുകളും പാതയിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x