Currency

സൗദിയില്‍ വാടകക്കരാറുകള്‍ ഓണ്‍ലൈന്‍ വഴിയാക്കി

സ്വന്തം ലേഖകന്‍Wednesday, February 14, 2018 1:45 pm

റിയാദ്: സൗദി അറേബ്യയില്‍ വാടകക്കരാറുകള്‍ ഓണ്‍ലൈന്‍ സംവിധാനമായ ഇജാര്‍ വഴിയാക്കി. ഇനി മുതല്‍ പ്രതിമാസം വാടക അടക്കാനും ഓണ്‍ലൈന്‍ സംവിധാനം വഴിയാകും. പുതിയ കരാറുകള്‍ക്കാണ് നിയമം ബാധകമാവുക. റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള വെട്ടിപ്പും ഇടനിലക്കാരുടെ അനധികൃത പിരിവും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ നീതിന്യായ വകുപ്പിന്റേയും ഭവന മന്ത്രാലയത്തിന്റേയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.

ഇതോടെ വിവിധ പ്രദേശങ്ങളില്‍ വാടകക്ക് ഏകീകൃത രീതിയാകും പ്രാബല്യത്തിലാവുക. 25 ലക്ഷം വാടക പാര്‍പ്പിടങ്ങളുണ്ട് സൗദിയില്‍. നിലവില്‍ ബ്രോക്കര്‍മാര്‍ വഴിയാണ് വീടുകളും കെട്ടിടങ്ങളും വാടകക്ക് കൊടുക്കുന്നത്. രജിസ്‌ട്രേഷന് പുറമെ ഇടനിലക്കാരനുള്ള പണവും ഉപഭോക്താവ് നല്‍കണം. തോന്നുംപടിയുള്ള വിലയാണ് പല മേഖലയിലും. ഇജാര്‍ നെറ്റ്വര്‍ക്ക് വഴി ഇതില്‍ ഏകീകരണം കൊണ്ടു വരികയാണ് ലക്ഷ്യം.

പദ്ധതി വഴി രാജ്യത്തെ മുഴുവന്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരും തങ്ങളുടെ സ്ഥാപനങ്ങളെ ഓണ്‍ലൈനില്‍ രേഖപ്പെടുത്തുകയും വാടകയും വിവരങ്ങളും നല്‍കുകയും ചെയ്യണം. ഉപഭോക്താവിന് ഇതില്‍ നിന്നും ഫ്‌ലാറ്റും റൂമും തിരഞ്ഞെടുക്കാം. പണം നല്‍കിയാല്‍ കരാറായി. അതേസമയം രാജ്യത്തെ കോടതികളിലെത്തുന്ന പരാതികളില്‍ 30 ശതമാനം വാടക സംബന്ധിച്ചുള്ള തര്‍ക്കമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x