
റിയാദ്: സൗദിയിലെ ഹായിലില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ ക്ലീനിംഗ് സ്ത്രീ തൊഴിലാളികള്‍ ദുരിതത്തില്‍. തൊഴിലാളികളുടെ ദുരിതം വിവരിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഷെയര്‍ ചെയ്തതോടെ എംബസ്സിയും സാമൂഹ്യ പ്രവര്‍ത്തകരും പ്രശ്‌ന പരിഹാരത്തിന് നടപടികള്‍ ആരംഭിച്ചു.
ആറ് വര്‍ഷം മുമ്പാണ് ഇവര്‍ ഒരു ക്ലീനിംഗ് കമ്പനിയില്‍ ജോലിക്കെത്തിയത്. ഹോസ്പിറ്റല്‍ ക്ലീനിംഗ് ആയിരുന്നു ജോലി. എന്നാല്‍ 2 വര്‍ഷം കഴിഞ്ഞതോടെ കമ്പനിക്ക് ഹോസ്പിറ്റല്‍ കോണ്‍ട്രാക്ട് നഷ്ടമാകുകയും തുടര്‍ന്ന് പലരെയും പലയിടങ്ങളിലായി കമ്പനി തന്നെ ജോലിക്ക് കിടുകയും ചെയ്തു. എന്നാല്‍ അവിടങ്ങളില്‍ നിന്നും കിട്ടുന്ന തുകയുടെ ചെറിയ ശതമാനം മാത്രമാണ് ഇവര്‍ക്ക് ശമ്പളമായി കമ്പനി നല്‍കിയിരുന്നത്. മാത്രവുമല്ല ശമ്പളം തുടക്കം മുതലേ മാസങ്ങള്‍ വൈകിയാണ് നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആണ് അവസാനമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചത്.
ഇവരുടെ താമസ രേഖയും പുതുക്കിയിട്ടില്ല. രണ്ടു വര്‍ഷം കഴിഞ്ഞ് പുതുക്കാത്തവരും കൂട്ടത്തില്‍ ഉണ്ട്. തുടക്കത്തില്‍ എംബസ്സിക്കും, കേരള മുഖ്യ മന്ത്രിക്കും, കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിനും പരാതി നല്‍കിയെങ്കിലും കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിഷയം ചര്‍ച്ച ആയതോടെ എംബസ്സിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും ഇടപെടലുണ്ടായി. തങ്ങള്‍ക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശികയും, സര്‍വിസ് തുകയും ലഭിച്ചു ഉടന്‍ നാട്ടില്‍ പോകാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഇപ്പോളിവര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.