പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും.
മസ്കറ്റ്: മസ്കറ്റിലെ ഇന്ത്യൻ എംബസ്സി ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള മെഡിക്കൽ വിസ ഫീസ് നിരക്കുകൾ കുറച്ചു. മെഡിക്കൽ വിസയിൽ ഇന്ത്യയിലേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചത് മുൻ നിർത്തിയാണ് തീരുമാനം. പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും.
ഫീസ് കുറയുന്നതോടെ ആറുമാസത്തേക്ക് മെഡിക്കൽ വിസയ്ക്ക് 30.900 ഒമാനി റിയാലും ഒരു വർഷത്തെ വിസയ്ക്ക് 46.300 ഒമാനി റിയാലുമാണ് നൽകേണ്ടി വരിക. നിലവിൽ ആറുമാസത്തേക്കുള്ള മെഡിക്കൽ വിസയ്ക്ക് 33.450 ഒമാനി റിയാലാണ് ഈടാക്കുന്നതെന്ന് ഇന്ത്യൻ വിസ പ്രൊസസിംഗ് സ്ഥാപനമായ ബിഎൽഎസ് പറയുന്നു.
ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ സമീപകാലത്ത് വർധനയുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. 2016ൽ ആകെ 95,000 വിസകളാണ് അനുവദിച്ചത്. അതേസമയം ഈ വർഷം ആദ്യത്തെ രണ്ട് മാസത്തിൽ തന്നെ 20,000 വിസകൾ അനുവദിക്കുകയുണ്ടായി.
ഇതിന് പുറമെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 46.300 റിയാൽ നിരക്കിൽ ഒരു വർഷത്തേക്കുള്ള ബിസിനസ് വിസയും, 38.600 റിയാൽ നിരക്കിൽ ഒരു വർഷത്തേക്കള്ള ടൂറിസ്റ്റ് വിസയും ലഭ്യമാക്കുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസ്സി അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.