
ഓസ്ട്രേലിയ: ഇന്ത്യന്‍-ഓസ്ട്രേലിയന്‍ ഗവേഷകനായ അക്ഷയ് വെങ്കിടേഷിന് ഉന്നത പുരസ്‌കാരമായ ഫീല്‍ഡ്സ് മെഡല്‍ ലഭിച്ചു. ” നൊബേല്‍ പ്രൈസ് ഓഫ് മാത്തമാറ്റിക്സ്” എന്നാണിത് അറിയപ്പെടുന്നത്. ലോകത്തില്‍ മാത്തമാറ്റിക്സ് രംഗത്തെ സംഭാവനകള്‍ക്ക് നല്‍കി വരുന്ന ഏറ്റവും ഉന്നത പുരസ്‌കാരങ്ങളിലൊന്നായ ഇത് നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയക്കാരനാണ് വെങ്കിടേഷ്. 40 വയസില്‍ താഴെ പ്രായമുള്ളവരും മാത്തമാറ്റിക്സില്‍ അതുല്യമായ നേട്ടങ്ങള്‍ കൈവരിക്കുന്നവരുമായവര്‍ക്ക് ഓരോ നാല് വര്‍ഷം കൂടുമ്പോഴുമാണ് ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്സ് യൂണിയന്‍ ഫീല്‍ഡ്സ് മെഡല്‍ നല്‍കി വരുന്നത്.
36കാരനായ വെങ്കിടേഷ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് ഗവേഷണം നടത്തുന്നത്. മാത്തമാറ്റിക്സില്‍ വ്യാപകമായ വിഷയങ്ങളില്‍ നടത്തിയ ഗവേഷണങ്ങളുടെ പേരിലാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. അരിത് മെറ്റിക് ജ്യോമട്രി, നമ്പര്‍ തിയറി, റപ്രസെന്റേഷന്‍ തിയറി, ഹോമോജെനസ് ഡൈനാമിക്സ് എന്നിവയടക്കമുള്ള വിഷയങ്ങളാണ് അദ്ദേഹത്തിന്റെ ഗവേഷണപരിധിയില്‍ വരുന്നത്.
ദീര്‍ഘകാലമായി ഉത്തരം കിട്ടാതിരുന്ന വിവിധ മാത്തമാറ്റിക്കല്‍ പ്രോബ്ലങ്ങള്‍ വെങ്കിടേഷ് പരിഹരിച്ചുവെന്നാണ് ഫീല്‍ഡ്സ് മെഡല്‍ സിറ്റാഷന്‍ വെളിപ്പെടുത്തുന്നത്. 1981ല്‍ ന്യൂഡല്‍ഹിയിലാണ് വെങ്കിടേഷ് ജനിച്ചത്. തുടര്‍ന്ന് ഓസ്ട്രേലിയയിലെ പെര്‍ത്തിലേക്ക് താമസം മാറുകയായിരുന്നു. വളരെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ വെങ്കിടേഷ് മാത്തമാറ്റിക്സ് രംഗത്തെ ഉന്നത അന്താരാഷ്ട്ര പുരസ്‌കാരങ്ങളായ ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്സ് ഒളിംപ്യാഡ്, ഇന്റര്‍നാഷണല്‍ ഫിസിക്സ് ഒളിംപ്യാഡ് പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. മുതിര്‍ന്നപ്പോഴും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ വെങ്കിടേഷിനെ തേടിയെത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.