Currency

ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഭീമമായ ലെവി; വിദ്യാര്‍ഥികളുടെ ഫീസ് ഉയര്‍ത്തിയേക്കും

സ്വന്തം ലേഖകന്‍Wednesday, February 7, 2018 12:04 pm

ജിദ്ദ: ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ലെവി അടക്കേണ്ടതെങ്ങിനെയെന്ന കാര്യത്തില്‍ രണ്ടാഴ്ചക്ക് ശേഷം തീരുമാനമായേക്കും. എംബസി ഹയര്‍ബോര്‍ഡ് ചുമതലപ്പെടുത്തിയ നാലംഗ പ്രിന്‍സിപ്പല്‍മാരുടെ സമിതി ഇന്ത്യന്‍ അംബാസിഡര്‍ക്ക് ഇതു സംബന്ധിച്ചുള്ള വിഷയത്തില്‍ റിപ്പോര്‍ട്ട് കൈമാറും. വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിച്ചും അധ്യാപകരുടെ ശമ്പളത്തില്‍നിന്ന് പിടിച്ചുമാകും സ്‌കൂളുകള്‍ ലെവിയടക്കുകയെന്നാണ് നിലവിലെ സൂചന. അതേസമയം ഓരോ സ്‌കൂളിലും ലെവിബാധ്യത വ്യത്യസ്തമായതിനാല്‍ ഫീസ് വര്‍ധന ഒരേ പോലെയായിരിക്കില്ല.

നിതാഖാത്ത് പദ്ധതിക്ക് ശേഷം ആശ്രിത വിസയില്‍ കഴിയുന്നവര്‍ക്ക് രാജ്യത്തെ വിദേശ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നതിന് അനുവാദം നല്‍കി നടപ്പില്‍ വരുത്തിയ അജീര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പുതിയ ഉത്തരവ് പ്രകാരം ലെവി നല്‍കേണ്ടത്. നിലവില്‍ കുടുംബ വിസയില്‍ കഴിയുന്നവര്‍ നല്‍കിവരുന്ന ആശ്രിത ലെവിക്ക് പുറമെ ഇവര്‍ വര്‍ഷം 9,500 റിയാല്‍ (ഏകദേശം 1,61,533 രൂപ) അടയ്ക്കണമെന്ന് ധനമന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ദമ്മാമിലെ ഇന്ത്യന്‍ എംബസി സ്‌കൂള്‍ ജീവനക്കാരില്‍ 85 ശതമാനത്തോളം ജീവനക്കാരും ആശ്രിത വിസയില്‍ കഴിയുന്നവരാണ്.

15000ത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ ജീവനക്കാരില്‍ പകുതിയിലധികവും മലയാളി അധ്യാപികമാരാണ്. പുതിയ പ്രതിസന്ധി സംജാതമായതോടെ അധ്യാപകരും ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കാന്‍ നിര്‍ബന്ധിതമാവും. ഇന്ത്യന്‍ സ്‌കൂളുകളില്‍ ലെവി ഈടാക്കാന്‍ വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിക്കുക എന്ന പരിഹാരമാവും മുന്നോട്ട് വെക്കുക എന്നാണ് സൂചന. എത്ര വര്‍ധനവ് വേണ്ടി വരും എന്ന് തീരുമാനിക്കേണ്ടതുണ്ട്. മാര്‍ച്ച് മാസം മുതല്‍ ലെവി ഈടാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x