Currency

കേരളത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ സന്ദര്‍ശിച്ചത് 16,000 ലേറെ പേര്‍

സ്വന്തം ലേഖകന്‍Saturday, August 24, 2019 3:35 pm

ഓസ്‌ട്രേലിയ: കേരളത്തില്‍ നിന്നും ഓസ്‌ട്രേലിയ സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ടൂറിസം ഓസ്ട്രേലിയയുടെ റിപ്പോര്‍ട്ട്. 2019ല്‍ മാത്രം കേരളത്തില്‍ നിന്ന് 16,840 പേരാണ് ഓസ്‌ട്രേലിയ സന്ദര്‍ശിച്ചതെന്നാണ് ടൂറിസം ഓസ്ട്രേലിയയുടെ കണക്ക്. മാത്രമല്ല ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനായി കേരളത്തില്‍ നിന്നുള്ളവര്‍ 450 കോടി രൂപ ചിലവഴിച്ചതായും ടൂറിസം ഓസ്‌ട്രേലിയ വെളിപ്പെടുത്തി. ഇതോടെ ഓസ്ട്രേലിയന്‍ ടൂറിസം വിപണിയുടെ വികസനത്തിന് മികച്ച പങ്ക് വഹിക്കുന്നതില്‍ കേരളം ഏഴാം സ്ഥാനത്താണെന്ന് ഇന്ത്യന്‍ ആന്‍ഡ് ഗള്‍ഫ് ടൂറിസം ഓസ്ട്രേലിയയുടെ കണ്‍ട്രി മാനേജര്‍ നിഷാന്ത് കാശികാര്‍ വ്യക്തമാക്കി.

2019 മെയ് അവസാനത്തോടെ ഓസ്‌ട്രേലിയ സന്ദര്‍ശിച്ച ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണം 3.67 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ 11 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, സന്ദര്‍ശനത്തിനായി ഇന്ത്യന്‍ സന്ദര്‍ശകര്‍ 1.7 ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറാണ് ചിലവഴിക്കുന്നതെന്നും ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണെന്നും ടൂറിസം ഓസ്ട്രേലിയയുടെ കണക്കുകള്‍ പറയുന്നു.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ഇവിടേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള 62,990 പേരാണ് ഈ വര്ഷം ഓസ്‌ട്രേലിയ സന്ദര്‍ശിച്ചത്. ഇതോടെ ഓസ്‌ട്രേലിയയിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശനം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ. ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനായി ഒരു ഇന്ത്യന്‍ സന്ദര്‍ശകന്‍ ശരാശരി 4,900 ഡോളര്‍ ചിലവിടുന്നതായാണ് കണക്കുകള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x