
ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ 2019 ജനുവരി ഒന്ന് മുതല്‍ സര്‍ക്കാര്‍ നിരവധി നിയമ മാറ്റങ്ങളാണ് ഉണ്ടായത്. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്തൊക്കെയെന്ന് അറിയാം.
പ്രതിരോധകുത്തിവയ്പ്പ് നിര്‍ബന്ധം: വെസ്റ്റേണ്‍ ഓസ്ട്രേലിയയിലാണ് നോ ജാബ് നോ പ്ലേ നിയമം ജനുവരി ഒന്ന് മുതല്‍ ടപ്പിലാക്കിയത്. ചൈല്‍ഡ് കെയറുകളിലും, സ്‌കൂളുകളിലും പോകുന്ന കുട്ടികള്‍ക്ക് പ്രതിരോധകുത്തിവയ്പ്പ് നിര്‍ബന്ധമാക്കുന്നതാണ് ഈ നിയമം. നിയമ പ്രകാരം കുത്തിവയ്പ്പുകള്‍ എടുക്കാത്ത കുട്ടികള്‍ക്ക് ചൈല്‍ഡ് കെയറുകളിലും, സ്‌കൂളുകളിലും മറ്റും പ്രവേശം അനുവദിക്കില്ല.
കൂടാതെ, എല്ലാ സ്‌കൂളുകളും, ചൈല്‍ഡ്കെയറുകളും കുട്ടികളുടെ ഇമ്മ്യൂണൈസേഷന്‍ റെക്കോര്‍ഡ് അഥവാ പ്രതിരോധകുത്തിവയ്പ്പ് എടുത്തതിന്റെ രേഖകള്‍ രക്ഷിതാക്കളില്‍ നിന്നും ശേഖരിക്കേണ്ടതാണ്. മാത്രമല്ല, ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാതെ പ്രതിരോധകുത്തിവയ്പുകള്‍ എടുക്കാത്ത കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരില്‍ നിന്നും ചൈല്‍ഡ്കെയര്‍ ഉടമകളില്‍ നിന്നും 1000 ഡോളര്‍ വരെ പിഴ ഈടാക്കുമെന്നും നിയമത്തില്‍ പറയുന്നു. വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ്, ക്വീന്‍സ്ലാന്റ് എന്നീ സംസ്ഥാനങ്ങള്‍ നോ ജാബ് നോ പ്ലേ നിയമം നേരത്തെ നടപ്പിലാക്കിയിരുന്നു.
സൗജന്യ TAFE കോഴ്‌സുകള്‍: വിക്ടോറിയയിലാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. സംഥാനത്ത് ആവശ്യമായ തൊഴില്‍ ലഭിക്കാവുന്ന വിധത്തിലുള്ള കോഴ്സുകളാണ് ഇനി സര്‍ക്കാര്‍ സൗജന്യമായി നല്‍കുക. 30 TAFE കോഴ്‌സുകളും 20 പ്രീ അപ്പ്രെന്റിസ്ഷിപ് കോഴ്‌സുകളുമാണ് സൗജന്യമാക്കുന്നത്. ഇതിനായി 172 മില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്.
സൗജന്യ കോഴ്സുകള്‍:
നഴ്‌സിംഗ്
അക്കൗണ്ടിംഗ്
ഏജിങ് സപ്പോര്‍ട്ട്
കമ്മ്യൂണിറ്റി സര്‍വീസസ്
മെന്റല്‍ ഹെല്‍ത്ത്
ഡെന്റല്‍ അസ്സിസ്റ്റിംഗ്
പ്ലംബിംഗ്
അഗ്രികളര്‍
മറ്റ് കോഴ്‌സുകള്‍ ഇവിടെ അറിയാം: https://www.vic.gov.au/freetafe/free-tafe.html
സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ക്കുള്ള ജിഎസ്ടി എടുത്തുമാറ്റി: സ്ത്രീകള്‍ ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്ന സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ക്കുള്ള ജിഎസ്ടി എടുത്തുമാറ്റിയതാണ് 2018 അവസാനത്തോടെ സര്‍ക്കാര്‍ പ്രഖാപിച്ച പ്രധാന മാറ്റങ്ങളില്‍ ഒന്ന്.
18 വര്‍ഷങ്ങള്‍ നീണ്ട പ്രചാരണത്തിനൊടുവിലാണ് സാനിറ്ററി നാപ്കിനുകള്‍, ടാമ്പൂണുകള്‍, വീണ്ടും ഉപയോഗിക്കാവുന്ന വിധമുള്ള പാഡുകള്‍ തുടങ്ങിയവയ്ക്കുള്ള ജിഎസ്ടി സര്‍ക്കാര്‍ എടുത്തുമാറ്റിയത്. ജനുവരി ഒന്ന് മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.