
റിയാദ്: സൗദിയില്‍ മദ്യക്കടത്ത് കേസുകളില്‍ പിടിക്കപ്പെടുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു. 40 ലേറെ മലയാളികളാണ് നിലവില്‍ സൗദിയിലെ കിഴക്കന്‍ പ്രവിശ്യകളില്‍ കഴിയുന്നത്. യുവാക്കളാണ് കൂടുതലായും പിടിയിലായത്. തൊഴില്‍ നഷ്ടപ്പെടുന്ന മലയാളികളെ ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്ത് ടാക്സി ഡ്രൈവര്‍മാരായി റിക്രൂട്ട് ചെയ്താണ് മദ്യകടത്തിന് ഉപയോഗിക്കുന്നത്. മാസത്തില്‍ പൈസ അടയ്ക്കാമെന്ന കരാറില്‍ സ്വന്തം പേരില്‍ വാഹനം എടുത്തുകൊടുക്കുകയും ചെയ്യും. ആകര്‍ഷണീയമായ ശമ്പളവും കൂടാതെ ഓരോ ട്രിപ്പിനും അലവന്‍സും ലഭിക്കും. ആളുകളെ ബഹ്റൈനില്‍ നിന്നും ദമാമിലേക്കോ മറ്റ് വിദൂര സ്ഥലങ്ങളിലോക്കോ എത്തിക്കുകയാണ് ജോലി.
യാത്രക്കാരെ ഏര്‍പ്പാടാക്കുന്നതും വാഹനത്തില്‍ കയറ്റുന്നതും എല്ലാം ഏജന്റ്റുമാരാണ്. വാഹനവുമായി ബഹ്റൈനില്‍ എത്തുമ്പോള്‍ യാത്രക്കാരെ എടുക്കുവാന്‍ എന്ന് പറഞ്ഞ് വാഹനം ഡ്രൈവറുടെ കയ്യില്‍ നിന്നും ഏജന്റുമാര്‍ വാങ്ങുന്നു ശേഷം യാത്രക്കാരുമായിട്ടാണ് വാഹനം തിരിച്ച് നല്‍കുക ഈ സമയം ഇവര്‍ നേരത്തെ വാഹനത്തില്‍ തയ്യാറാക്കിയ രഹസ്യ അറയിലോ അല്ലെങ്കില്‍ വാഹനത്തിന്റെ ഇന്ധന ടാങ്കിലോ മദ്യ കുപ്പികള്‍ ഒളിപ്പിക്കുന്നു. തിരിച്ച് ദമ്മാമില്‍ എത്തി യാത്രക്കാരെ ഇറക്കി കഴിഞ്ഞാല്‍ വാഹനം സര്‍വ്വീസ് ചെയ്യാന്‍ എന്ന് പറഞ്ഞ് കൊണ്ട് പോകുന്നു ശേഷം ഇതില്‍ നിന്നും സാധനങ്ങള്‍ മാറ്റി വാഹനം സര്‍വ്വീസ് ചെയ്ത് തിരിച്ചു നല്‍കും.
സ്വന്തം പേരിലുള്ള വാഹനത്തില്‍ നിന്ന് പിടിക്കപെടുന്നതിനാല് ഇവരുടെ നിരാപരാധിത്വം തെളിയിക്കാന്‍ സാധിക്കാതെ വരുന്നു. മാത്രമല്ല പിടിക്കപെടുന്നതോടെ വാഹന കമ്പനിയും ഇവര്‍ക്കെതിരില്‍ കേസ് നല്കുന്നതിനാല് ജയില്‍ വാസം നീണ്ടു പോകാനും ഭീമമായ നഷ്ടപരിഹാര തുക കെട്ടിവയ്ക്കേണ്ടിയും വരുന്നു. ഇപ്പോള്‍ ജയിലില്‍ കഴിയുന്നവരില്‍ പലരും മദ്യക്കടത്തിനുള്ള ജയില്‍ ശിക്ഷ കഴിഞ്ഞവരാണ്. എന്നാല്‍ ഇവര്‍ക്കെതിരില്‍ വാഹന കമ്പനികള്‍ നല്കിയ കേസിലെ നഷ്ടപരിഹാര തുക കെട്ടി വെക്കാന്‍ സാധിക്കാത്തതിനാലാണ് ജയിലില്‍ കഴിയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.