Currency

ഓസ്ട്രേലിയയുടെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് കുടിയേറാന്‍ ഇനി അതിവേഗം വിസ

സ്വന്തം ലേഖകന്‍Friday, February 8, 2019 1:49 pm

ഓസ്ട്രേലിയ: ഓസ്ട്രേലിയയുടെ ഉള്‍പ്രദേശങ്ങളിലേക്ക് കുടിയേറുന്നവരുടെ വിസ അപേക്ഷകള്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി വേഗത്തില്‍ പരിഗണിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയിലേക്കെത്തുന്ന പുതിയ കുടിയേറ്റക്കാര്‍ സിഡ്‌നിയും മെല്‍ബണും പോലെയുള്ള വന്‍ നഗരങ്ങളില്‍ പാര്‍ക്കുന്നത് ഒഴിവാക്കാന്‍ കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്തുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിന്റെ ഭാഗമായിട്ടാണ് രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് കുടിയേറാന്‍ താത്പര്യപ്പെടുന്നവരുടെ വിസ അപേക്ഷകള്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ വേഗത്തില്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനായി 19.4 മില്യണ്‍ ഡോളര്‍ ചിലവിടുമെന്ന് കുടിയേറ്റകാര്യ മന്ത്രി ഡേവിഡ് കോള്‍മാന്‍ അറിയിച്ചു.

സംസ്ഥാന-ടെറിട്ടറി ട്രഷറര്‍മാരുടെ യോഗത്തിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. നഗരങ്ങളിലെ ജനപ്പെരുപ്പവും തിരക്കും കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. സ്പോണ്‍സേര്‍ഡ് വിസയില്‍ ഉള്‍പ്രദേശങ്ങളിലേക്ക് എത്തുന്നവരുടെ വിസ അപേക്ഷകളും വിദേശ തൊഴിലാളികളെ നിയമിക്കാനുള്ള പ്രാദേശിക കൗണ്‍സിലുകളുടെ ഉടമ്പടിപ്രകാരമുള്ള അപേക്ഷകളുമാണ് അതിവേഗത്തില്‍ പരിഗണിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പെര്‍മനന്റ് റെസിഡന്‍സി അനുവദിക്കുന്നതിന് മുമ്പ് പുതിയ കുടിയേറ്റക്കാര്‍ അഞ്ചു വര്‍ഷം ഉള്‍നാടന്‍ പ്രദേശങ്ങളില്‍ താമസിച്ചിരിക്കണം എന്ന പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കൂടാതെ രാജ്യത്തേക്ക് കുടിയേറുന്നവരുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചിരുന്നു.

ഇതിന് പുറമെ ഇംഗ്ലീഷ് പ്രാവീണ്യം കുറഞ്ഞവര്‍ക്കും ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ അനുവാദം നല്‍കുന്ന ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷന്‍ എഗ്രിമെന്റ് അഥവാ ഡാമ കരാറും പ്രാബല്യത്തില്‍ വന്നിരുന്നു. നോര്‍ത്തേണ്‍ ടെറിട്ടറി സര്‍ക്കാരും വിറ്റോറിയയിലെ വാര്‍ണാംബൂല്‍ കൗണ്‍സിലുമാണ് ഡാമ കരാറിന് ഫെഡറല്‍ സര്‍ക്കാരുമായി ഒപ്പ് വെച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x