
ഓസ്ട്രേലിയ: ഏകീകൃത ആരോഗ്യ രേഖ (മൈ ഹെല്‍ത്ത് റെക്കോര്‍ഡ്) ആവശ്യമില്ലാത്തവര്‍ക്ക് ഈ സേവനം നിരസിക്കാനുള്ള സമയ പരിധി ജനുവരി 31ന് അവസാനിക്കും. വ്യാഴാഴ്ച്ചക്കുള്ളില്‍ സേവനം ആവശ്യമില്ലെന്ന് രേഖപ്പെടുത്താത്ത എല്ലാ വ്യക്തികളുടെയും സ്വകാര്യ ഡിജിറ്റല്‍ ആരോഗ്യ രേഖകള്‍ സൃഷ്ടിക്കപ്പെടും.
മൈ ഹെല്‍ത്ത് റെക്കോര്‍ഡ് നിലവില്‍ വരുന്നതോടെ വ്യക്തികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഏകീകൃതമായി ഓണ്‍ലൈനില്‍ ലഭ്യമാകും. എന്നാല്‍ താല്പര്യമില്ലാത്തവര്ക്ക് ഈ സേവനം നിരസിക്കാന്‍ വ്യാഴാഴ്ച വരെ അവസരമുണ്ട്. ഓസ്ട്രേലിയന്‍ ആരോഗ്യമേഖലയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ മൈ ഹെല്‍ത്ത് റെക്കോര്‍ഡ് പദ്ധതി സഹായിക്കുമെന്നാണ് ഫെഡറല്‍ സര്‍ക്കാറിന്റെ നിഗമനങ്ങള്‍.
ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗികളുടെ ശരിയായ ആരോഗ്യ അവസ്ഥ പെട്ടെന്ന് മനസ്സിലാക്കാന്‍ മൈ ഹെല്‍ത്ത് റെക്കോര്‍ഡിലൂടെ സാധിക്കും. മൈ ഹെല്‍ത്ത് റെക്കോര്‍ഡ് ഓണ്‍ലൈനായി ലഭ്യമാകുന്നത് ഉപഭോക്താക്കള്‍ക്കും കൂടുതല്‍ ഗുണകരമാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഓസ്ട്രേലിയയിലെവിടേയും മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്താനും മൈ ഹെല്‍ത്ത് റെക്കോര്‍ഡ് പദ്ധതിയിലൂടെ സാധ്യമാകും.
എന്നാല്‍ രേഖകള്‍ ഏകീകൃതമാക്കുമ്പോള് സ്വകാര്യ രേഖകളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാരിനാവില്ലെന്ന് ആരോപണങ്ങളുണ്ട്. അതേസമയം ഇത്തരം ആശങ്കകള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടതില്ലന്ന് ഓസ്ട്രേലിയന്‍ അക്കാഡമി ഓഫ് ടെക്നോളജി ആന്‍ഡ് എഞ്ചിനീയറിംഗ് തലവന്‍ ഹ്യു ബ്രാഡ്ലോ അറിയിച്ചു. നിലവില്‍, ആശുപത്രികളിലെ റിസപ്ഷനിസ്റ്റുകള്‍ക്ക് വ്യക്തികളുടെ ആരോഗ്യ രേഖകള്‍ ലഭ്യമാണെന്നും പേപ്പറിലുള്ള രേഖകള്‍ മറ്റുപലര്‍ക്കും പരിശോധിക്കുവാനും സാധിക്കുമെന്നും ഹ്യു ബ്രാഡ്ലോ ചൂണ്ടിക്കാട്ടി.
അതുകൊണ്ടുതന്നെ മൈ ഹെല്‍ത്ത് റെക്കോര്‍ഡ് നിലവില്‍ വരുമ്പോള്‍ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെടുമെന്ന ആശങ്കകള്‍ക്ക് പ്രസക്തിയില്ലെന്ന് ഹ്യു ബ്രാഡ്ലോ പറഞ്ഞു.
പൊതുജന താല്പര്യാര്ത്ഥം ഇത് രണ്ടാം തവണയാണ് സേവനം നിരസിക്കുവാനുള്ള സമയ പരിധി നീട്ടിയിരിക്കുന്നത്. മൈ ഹെല്‍ത്ത് റെക്കോര്‍ഡ് ഓണ്‍ലൈനായി ആവശ്യമില്ലാത്തവര്‍ക്ക് www.myhealthrecord.gov.au എന്ന വെബ്സൈറ്റിലൂടെ സേവനം നിരസിക്കാന്‍ സാധിക്കും. 1800 723 471 എന്ന നമ്പരില്‍ വിളിച്ചും പോസ്റ്റ് ഓഫീസുകള്‍ വഴിയും സേവനം നിരസിക്കാന്‍ അവസരങ്ങളുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.