Currency

സൗദിയില്‍ പുതിയ സിം കാര്‍ഡ് എടുക്കുന്നതിന് നാഷണല്‍ അഡ്രസ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

സ്വന്തം ലേഖകന്‍Monday, April 9, 2018 1:19 pm

റിയാദ്: സൗദിയില്‍ പുതിയ സിം കാര്‍ഡ് എടുക്കുന്നതിന് നാഷണല്‍ അഡ്രസ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. പുതിയ നിബന്ധന ഏപ്രില്‍ പത്ത് മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ മൊബൈല്‍ കണക്ഷന്‍ ഉള്ളവര്‍ നാഷണല്‍ അഡ്രസ് രജിസ്റ്റര്‍ ചെയ്ത് അതുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ലാന്‍ഡ് ലൈന്‍ സ്ഥാപിക്കുന്നതിനും നാഷണല്‍ അഡ്രസ് നിര്‍ബന്ധമാണ്. മൊബൈല്‍ കമ്പനികള്‍ ഇക്കാര്യമറിയിച്ച് സന്ദേശം അയച്ചുതുടങ്ങി.

വ്യക്തികള്‍ക്ക് താമസിക്കുന്ന കെട്ടിടവും സ്വകാര്യ കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ അഡ്രസും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാനുള്ളതാണ് നാഷണല്‍ അഡ്രസ് സംവിധാനം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അതിന്റെ റഫറന്‍സ് നമ്പര്‍ മൊബൈല്‍ വഴി ലഭിക്കും. ഒന്നിലധികം പേര്‍ ഒന്നിച്ചുകഴിയുന്ന കെട്ടിടത്തിലെയും ഫ്‌ളാറ്റുകളിലെയും താമസക്കാര്‍ക്ക് ഒരേ നമ്പര്‍ ഉപയോഗിച്ച് ഒന്നിലധികം പേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും സംവിംധാനമുണ്ട്.

ബാങ്ക് അക്കൗണ്ടുകള്‍ക്കും ഏപ്രില്‍ 13 മുതല്‍ നാഷണല്‍ അഡ്രസ് നിര്‍ബന്ധമാണെന്ന് വിവിധ ബാങ്കുകള്‍ തങ്ങളുടെ ഇടപാടുകാരെ അറിയിച്ചു. എന്നാല്‍ ഇത്തരത്തില്‍ അഡ്രസ് ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കാത്തവരുടെ എക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് സൗദി ബാങ്കുകളുടെ മേല്‍നോട്ടമുള്ള അതോറിറ്റി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x