
റിയാദ്: സൗദി അറേബ്യയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയും മൊബൈലുപയോഗിച്ചും വാഹനമോടിച്ച ഇരുന്നൂറിലേറെ പേരെ പുതിയ പദ്ധതി നടപ്പിലാക്കി ക്യാമറകള്‍ സ്ഥാപിച്ച് ആദ്യ ദിനം തന്നെ പിടികൂടി. 150 മുതല്‍ 300 റിയാല്‍ വരെയാണ് പിഴ. റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയത്. വാഹനമോടിക്കുമ്പോള്‍ പുകവലിച്ചവര്‍ക്ക് 150 റിയാല്‍ പിഴയും ചുമത്തിത്തുടങ്ങിയിട്ടുണ്ട്.
രാജ്യത്തെ വാഹനാപകടങ്ങളില്‍ ഭൂരിഭാഗവും മൊബൈലുപയോഗിക്കുന്നതിനിടെയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ ക്യാമറകള്‍ സ്ഥാപിച്ചത്. അപകടം നടക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നവര്‍ക്ക് മരണമോ ഗുരുതര പരിക്കോ സംഭവിക്കുന്നുമുണ്ട്. ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സീറ്റ് ബെല്‍റ്റ് ധരിക്കാത്ത ഡ്രൈവറും മുന്‍ സീറ്റിലിരുന്നവരും ക്യാമറയില്‍ കുടുങ്ങുന്നുണ്ട്. ഹൈവേകളിലാണ് ക്യാമറകള്‍ സ്ഥാപിച്ചതെങ്കിലും ക്യാമറകള്‍ ഇതര റൂട്ടിലുമുണ്ടാകും. ഒരേ റൂട്ടില്‍ ഒന്നിലധികം തവണ മൊബൈലുപയോഗിക്കുന്നത് ക്യാമറയില്‍ പതിഞ്ഞാല്‍ ഒന്നിലധികം തവണ പിഴയും ലഭിക്കും. പൊലീസിന്റെ പ്രത്യേക വാഹനങ്ങളിലും ഈ ഓട്ടോമാറ്റിക് ക്യാമറകള്‍ ഉണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.