Currency

യുഎഇയില്‍ തൊഴില്‍ രംഗത്തേക്ക് എത്തുന്ന വനിതകളുടെ എണ്ണത്തില്‍ വര്‍ധന

സ്വന്തം ലേഖകന്‍Monday, September 25, 2017 11:43 am

യുഎഇയില്‍ മാത്രമല്ല മിക്ക ഗള്‍ഫ് രാജ്യങ്ങളിലും തൊഴില്‍ രംഗത്തേക്ക് വരുന്ന വനിതകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം വനിതകളുടെ തൊഴിലില്ലായ്മ നിരക്കും രാജ്യത്ത് വര്‍ധിക്കുകയാണ്.

റിയാദ്: യുഎഇയില്‍ തൊഴില്‍രംഗത്തേക്ക് എത്തുന്ന വനിതകളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് പഠനം. യുഎഇയില്‍ മാത്രമല്ല മിക്ക ഗള്‍ഫ് രാജ്യങ്ങളിലും തൊഴില്‍ രംഗത്തേക്ക് വരുന്ന വനിതകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം വനിതകളുടെ തൊഴിലില്ലായ്മ നിരക്കും രാജ്യത്ത് വര്‍ധിക്കുകയാണ്. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് പുറത്തുവിട്ട പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

2000 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇ തൊഴില്‍ രംഗത്തെ വനിതകളുടെ പങ്കാളിത്തം 34 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്ക്. അതേസമയം വനിതകള്‍ നേടുന്ന ഉന്നതവിദ്യാഭ്യാസത്തിന് അനുസൃതമായ ഒഴിവുകള്‍ സൃഷ്ടിക്കാന്‍ കഴിയാത്തത് വിദ്യാസമ്പന്നരായ വനിതകള്‍ക്കിടയില്‍ തൊഴില്ലാലായ്മ പ്രശ്‌നം സൃഷ്ടിക്കുന്നതായി പഠനം വ്യക്തമാക്കുന്നു.

വനിതകളുടെ തൊഴില്‍പങ്കാളിത്തം കുറയുന്നത് കൊണ്ട് യുഎഇയില്‍ ശരാശരി 13.5 ശതമാനം വരുമാന നഷ്ടമുണ്ടാകുന്നുണ്ട്. യൂറോപ്പില്‍ ഇത് പത്ത് ശതമാനവും മേഖലയില്‍ ഇത് 27 ശതമാനവുമാണ്. വനിതകള്‍ ജോലിക്ക് നിയോഗിക്കപ്പെടാന്‍ കൊള്ളാത്തവരാണ് എന്ന ധാരണയും യാഥാസ്ഥിതിക കാഴ്ചപ്പാടും ഇപ്പോഴും മിഡിലീസ്റ്റില്‍ നിലനില്‍ക്കുന്നതായി പഠനം വിലയിരുത്തുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x