Currency

പുതുവര്‍ഷത്തില്‍ പെട്രോളിനും ഡീസലിനും വിലകൂട്ടി

സ്വന്തം ലേഖകന്‍Saturday, December 31, 2016 12:07 pm

സൂപ്പര്‍ 98 പെട്രോളിന് 1.91 ദിര്‍ഹവും ഏറെ ജനകീയമായ സ്‌പെഷ്യലിന് 1.80 ദിര്‍ഹവും നല്‍കണം. ഡിസംബറിലെ വിലയെ അപേക്ഷിച്ച് സൂപ്പറിന്റെ വിലയില്‍ 6.1 ശതമാനവും സ്‌പെഷ്യലിന്റെ വിലയില്‍ 6.5 ശതമാനവും വര്‍ധനവുണ്ടായി.

ദുബായ്: യു.എ.ഇ.യില്‍ ജനുവരിയില്‍ പെട്രോളിനും ഡീസലിനും വില കൂടും. ആറുമുതല്‍ ഏഴു ശതമാനംവരെ വര്‍ധിപ്പിച്ച നിരക്കാണ് ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിലുണ്ടായ വര്‍ധനയാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുന്നത്. സൂപ്പര്‍ 98 പെട്രോളിന് 1.91 ദിര്‍ഹവും ഏറെ ജനകീയമായ സ്‌പെഷ്യലിന് 1.80 ദിര്‍ഹവും നല്‍കണം. ഡിസംബറിലെ വിലയെ അപേക്ഷിച്ച് സൂപ്പറിന്റെ വിലയില്‍ 6.1 ശതമാനവും സ്‌പെഷ്യലിന്റെ വിലയില്‍ 6.5 ശതമാനവും വര്‍ധനവുണ്ടായി. ഇപ്ലസിന് 6.7 ശതമാനം വര്‍ധനയോടെ 1.73 ദിര്‍ഹമായി നിശ്ചയിച്ചു.

ഡീസലിന് 1.94 ദിര്‍ഹമാണ് പുതുക്കിയ വില. 7.1 ശതമാനത്തിന്റെ വര്‍ധന. 2016 തുടക്കത്തില്‍ സ്‌പെഷ്യല്‍ പെട്രോളിന് 1.58 ദിര്‍ഹമായിരുന്നു വില. ഡീസലിന് 1.61 ദിര്‍ഹവും. മാര്‍ച്ചില്‍ ഇത് യഥാക്രമം 1.36 ദിര്‍ഹമായും 1.40 ദിര്‍ഹമായും താഴ്ന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x