Currency

സൗദിവത്കരണം: 1200 ഓളം മൊബൈല്‍ കടകള്‍ക്കെതിരെ നടപടി

സ്വന്തം ലേഖകന്‍Thursday, November 24, 2016 11:14 am

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടങ്ങിയതിന് ശേഷം സൗദിവത്കരണത്തില്‍ വീഴ്ച വരുത്തിയ 1079 കടകളാണ് അടച്ചു പൂട്ടിയത്. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പരിശോധന നടന്നത്.

റിയാദ്: സൗദിയിലെ മൊബൈല്‍ കടകളില്‍ നൂറു ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയ ശേഷം നിയമലംഘകരെ കണ്ടെത്താന്‍ തൊഴില്‍ വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. സൗദി ജീവനക്കാരെ നിയമിക്കുന്നതില്‍ വീഴ്ച വരുത്തിയ 1207 കടകളുടെ കാര്യത്തില്‍ തീരുമാനം ബന്ധപ്പെട്ട കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ആകെ 1345 കടകളിലാണ് ചെറുതും വലുതുമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്.

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടങ്ങിയതിന് ശേഷം സൗദിവത്കരണത്തില്‍ വീഴ്ച വരുത്തിയ 1079 കടകളാണ് അടച്ചു പൂട്ടിയത്. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പരിശോധന നടന്നത്. 2257 സ്ഥാപനങ്ങളിലാണ് ഇവിടെ ഉദ്യോഗസ്ഥരെത്തിയത്. 88 കടകള്‍ ഇതുവരെയായി അടച്ചു പൂട്ടി. മക്കയില്‍ 2312 പരിശോധനയില്‍ സൗദികളെ നിയമിക്കാത്ത 286 കടകളാണ് അടപ്പിച്ചത്. റിയാദില്‍ 1855 കടകളില്‍ ഉദ്യോഗസ്ഥരെത്തി. 270 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഖസീമില്‍ 1363 കടകളില്‍ നടത്തിയ പരിശോധനയില്‍ 102 എണ്ണം അടച്ചു പൂട്ടി. തൊഴില്‍ വകുപ്പിന് പുറമെ ആഭ്യന്തരം, വാര്‍ത്താ വിനിമയം, വാണിജ്യം, തദ്ദേശം എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.

നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ തൊഴില്‍ മന്ത്രാലയത്തെ അറിയിക്കണമെന്ന് ഔദ്യോഗിക വക്താവ് അബ അല്‍ ഖൈല്‍ അഭ്യര്‍ഥിച്ചു. 19911 എന്ന ടോള്‍ ഫ്രീ നമ്പറിലോ https://rasd.ma3an.gov.sa എന്ന വെബ്‌സൈറ്റിലോ പരാതി നല്‍കാം. പരാതി നല്‍കുന്നവര്‍ക്ക് നിയമലംഘകരില്‍ നിന്ന് ഈടാക്കുന്ന പിഴ സംഖ്യയുടെ 10 ശതമാനം നല്‍കുമെന്ന പ്രഖ്യാപനവും അടുത്തിടെ തൊഴില്‍ വകുപ്പ് നടത്തിയിരുന്നു. ഇതനുസരിച്ച് 870 പേരാണ് തൊഴില്‍ വകുപ്പിനെ പരാതി അറിയിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x