Currency

റമദാന്‍ പകലുകള്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ദൈര്‍ഘ്യം കൂടിയതായിരിക്കും

സ്വന്തം ലേഖകന്‍Friday, May 11, 2018 11:41 am

റിയാദ്: റമദാന്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ റമദാന്‍ പകലുകള്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഏറെ ദൈര്‍ഘ്യം കൂടിയതായിരിക്കുമെന്നു ഗോള ശാസ്ത്ര വിഭാഗം അറിയിച്ചു. രാജ്യത്തു ഏറ്റവും ദൈര്‍ഘ്യമേറിയ വ്രത സമയം സൗദി അറേബ്യയുടെ വടക്കന്‍ പ്രദേശങ്ങളായ തബൂക്ക്, ഹാഇല്‍, തുറൈഫ്, അറാര്‍ ഭാഗങ്ങളിലായിരിക്കും. റമദാന്‍ തുടക്ക ദിവസങ്ങളില്‍ 15 മണിക്കൂര്‍ 24 മിനിറ്റും അവസാനമാവുമ്പോഴേക്കും 15 മണിക്കൂര്‍ 50 മിനിറ്റും വരെ ദീര്‍ഘിച്ചതാവും ഈ പ്രദേശങ്ങളിലെ വ്രത സമയം.

അബഹ, ജിസാന്‍, നജ്റാന്‍, അല്‍ ബഹ പ്രദേശങ്ങളിലായിരിക്കും ഏറ്റവും കുറവ് പകല്‍ സമയം. റമദാന്‍ ആരംഭത്തില്‍ 14 മണിക്കൂര്‍ 17 മിനിറ്റും അവസാനമാവുമ്പോള്‍ 14 മണിക്കൂര്‍ 32 മിനിറ്റുമായിരിക്കും ഇവിടങ്ങളില്‍ സമയ ദൈര്‍ഘ്യം. റിയാദില്‍ കൂടിയ സമയം 15 മണിക്കൂര്‍ 11 മിനിറ്റും കുറഞ്ഞ സമയം 14 മണിക്കൂര്‍ 49 മിനിറ്റ്, ദമ്മാമില്‍ കൂടിയ സമയം 15 മണിക്കൂര്‍ 21 മിനിറ്റും കുറഞ്ഞ സമയം 14 മണിക്കൂര്‍ 57 മിനിറ്റ്, ജിദ്ദയില്‍ കൂടിയ സമയം 14 മണിക്കൂര്‍ 53 മിനിറ്റും കുറഞ്ഞ സമയം 14 മണിക്കൂര്‍ 33 മിനിറ്റ് എന്നിങ്ങനെയുമായിരിക്കും.

മക്കയില്‍ കുറഞ്ഞ സമയം14 മണിക്കൂര്‍ 35 മിനിറ്റ്, കൂടിയ സമയം 14 മണിക്കൂര്‍ 54 മിനിറ്റ്, മദീനയില്‍ ഇത് യഥാക്രമം 14 മണിക്കൂര്‍ 48 മിനിറ്റും15 മണിക്കൂര്‍ 3 മിനിറ്റ് എന്നിങ്ങനെയായിരിക്കും ഉണ്ടായിരിക്കുക എന്ന് ഗോള ശാസ്ത്ര വിഭാഗം പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x