
കാനഡ: രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടു എന്നാരോപിച്ച് കാനഡയുമായുള്ള എല്ലാ ബന്ധവും സൗദി അറേബ്യ അവസാനിപ്പിച്ചു. കാനഡയുമായുള്ള വ്യാപാര കരാറുകളെല്ലാം റദ്ദാക്കിയ സൗദി കനേഡിയന്‍ അംബാസഡറെ പുറത്താക്കുകയും തങ്ങളുടെ അംബാസഡറെ തിരികെ വിളിക്കുകയും ചെയ്തു. 24 മണിക്കൂറുകള്‍ക്കകം കാനഡയുടെ അംബാസഡര്‍ രാജ്യം വിടണമെന്നാണ് നല്‍കിയ നിര്‍ദേശം.
അടുത്തിടെ സൗദിയില്‍ ചില സാമൂഹിക പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. സൗദി ഭരണകൂടത്തിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നവരാണ് അറസ്റ്റിലായത്. ഇതില്‍ സൗദി-അമേരിക്കനായ വനിതാ അവകാശ പ്രവര്‍ത്തക സമര്‍ ബദവിയും ഉള്‍പ്പെടുട്ടിരുന്നു. ഈ നടപടിക്കെതിരെ കാനഡ ശക്തമായ ഭാഷയില്‍ രംഗത്തുവന്നിരുന്നു. ഇതാണ് സൗദിയെ ചൊടിപ്പിച്ചത്. രാജ്യത്ത് നടക്കുന്ന കാര്യത്തില്‍ വിദേശരാജ്യം ഇടപെടുന്നത് അംഗീകരിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കാനഡയുടെ നിലപാട് സൗദിയെ ആക്രമിക്കുന്നതിന് തുല്യമാണെന്നും സൗദി വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. കാനഡക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ സൗദി കൈക്കൊള്ളുമെന്നാണ് വിവരം. എന്നാല്‍ കാനഡ ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.