Currency

സ്‌പോര്‍ട്‌സ് ക്ലബുകള്‍ സ്വകാര്യവത്കരിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം

സ്വന്തം ലേഖകന്‍Wednesday, November 23, 2016 10:52 am

സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ധനകാര്യ, വികസന സമിതിയുടെ ശിപാര്‍ശയനുസരിച്ച് രാജ്യത്തെ ക്ലബുകള്‍ സ്വകാര്യവത്കരിക്കാന്‍ അംഗീകാരം നല്‍കിയത്.

റിയാദ്: സൗദിയിലെ സ്‌പോര്‍ട്‌സ് ക്ലബുകള്‍ സ്വകാര്യവത്കരിക്കാന്‍ സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കി. ധനകാര്യ, വികസന സമിതിയുടെ ശിപാര്‍ശയനുസരിച്ച് രാജ്യത്തെ ക്ലബുകള്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള തീരുമാനത്തിനാണ് അംഗീകാരം. രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അദ്ധ്യക്ഷനയായുള്ള ധനകാര്യ, വികസന സമിതിയാണ് രാജ്യത്തെ സ്‌പോര്‍ട്‌സ് ക്ലബുകള്‍ സ്വകാര്യവത്കരിക്കാനുള്ള ശിപാര്‍ശ മന്ത്രിസഭയില്‍ സമര്‍പ്പിച്ചത്. വിവിധ ഘട്ടങ്ങളിലായി, വാണിജ്യ, ആസൂത്രണം മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തോടെയാണ് ക്ലബ്ബുകള്‍ സ്വകാര്യവത്കരിക്കുക.

ദേശീയ കളികളില്‍ പങ്കെടുക്കുന്ന എക്‌സലന്റ് ഗണത്തിലുള്ള സ്‌പോര്‍ട്‌സ് ക്‌ളബ്ബുകള്‍ ആദ്യ ഘട്ടത്തില്‍ സ്വകാര്യവത്കരിക്കും. ഒരു വര്‍ഷം മുമ്പ് തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് സ്വകാര്യവത്കരണം നടക്കുക. സ്വകാര്യ കമ്പനികളുടെ സ്വഭാവത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള എല്ലാ ക്ലബുകളുടെയും സ്വകാര്യവത്കരണം അടുത്തഘട്ടത്തില്‍ നടക്കും.

സൗദി സ്‌പോര്‍ട്‌സ് അതോറിറ്റിക്ക് പുറമെ വാണിജ്യ, നിക്ഷേപ, ആസൂത്രണം മന്ത്രാലയങ്ങള്‍ സ്വകാര്യവത്കരണത്തിന് മേല്‍നോട്ടം വഹിക്കും. സ്വകാര്യവത്കരണത്തിന് ശേഷവും സ്‌പോര്‍ട്‌സ് ക്ലബുകളുടെ മേല്‍നോട്ടത്തില്‍ സ്‌പോര്‍ട്‌സ് അതോറിറ്റിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x