Currency

സൗദി- ഇന്ത്യന്‍ ബിസിനസ് കൗണ്‍സിലിന് അംഗീകാരം

സ്വന്തം ലേഖകന്‍Wednesday, October 25, 2017 9:18 am

ഇന്ത്യ, സൗദി വാണിജ്യം ശക്തമാക്കുക, ഇരുരാജ്യങ്ങളിലേക്കും നിക്ഷേപം ആകര്‍ഷിക്കുക, സൗദിയുടെ എണ്ണയിതര ഉല്‍പന്നങ്ങള്‍ക്ക് കയറ്റുമതി കൂട്ടുക തുടങ്ങി വാണിജ്യ നിക്ഷേപ രംഗത്തെ സഹകരണം ലക്ഷ്യം വെച്ചുള്ളതാണ് ബിസിനസ് കൗണ്‍സില്‍.

റിയാദ്: സൗദി- ഇന്ത്യന്‍ ബിസിനസ് കൗണ്‍സിലിന് വാണിജ്യ മന്ത്രിയുടെ അംഗീകാരം. ഇന്ത്യ, സൗദി വാണിജ്യം ശക്തമാക്കുക, ഇരുരാജ്യങ്ങളിലേക്കും നിക്ഷേപം ആകര്‍ഷിക്കുക, സൗദിയുടെ എണ്ണയിതര ഉല്‍പന്നങ്ങള്‍ക്ക് കയറ്റുമതി കൂട്ടുക തുടങ്ങി വാണിജ്യ നിക്ഷേപ രംഗത്തെ സഹകരണം ലക്ഷ്യം വെച്ചുള്ളതാണ് ബിസിനസ് കൗണ്‍സില്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതാണ് പുതിയ നീക്കം.

കൗണ്‍സില്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. സംരംഭത്തിന് വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസ്ബി അംഗീകാരം നല്‍കിയതായി സൗദി ചേംബര്‍ കൗണ്‍സിലാണ് അറിയിച്ചത്. മൂന്ന് വര്‍ഷം കാലവധിയുള്ള കൗണ്‍സിലിന്റെ മേല്‍നോട്ടം ചേംബറിനാണ്.

എഞ്ചിനീയര്‍ കാമില്‍ അല്‍മുന്‍ജിദിനെ കൗണ്‍സില്‍ മേധാവിയായും അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്‍ ഹാദിയെ ഉപമേധാവിയായും സൗദി ചേംബര്‍ നിയമിച്ചു. ഇന്ത്യയും സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുമായി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വാണിജ്യ ബന്ധം കൌണ്‍സില്‍ വഴി ഊഷ്മളമാകുമെന്നാണ് പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x