Currency

സൗദിയില്‍ നിര്‍ബന്ധിത വേതന സുരക്ഷ പദ്ധതി നവംബര്‍ ഒന്ന് മുതല്‍

സ്വന്തം ലേഖകന്‍Thursday, October 12, 2017 1:32 pm

റിയാദ്: സൗദിയില്‍ നിര്‍ബന്ധിത വേതന സുരക്ഷ പദ്ധതിയുടെ പന്ത്രണ്ടാം ഘട്ടം നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍ മന്ത്രാലയ വ്യവസ്ഥയനുസരിച്ച് ശമ്പളം നിശ്ചിത സമയത്ത് നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് 3000 റിയാല്‍ വരെ പിഴ ഈടാക്കും. പദ്ധതി നടപ്പിലായി രണ്ടുമാസം പിന്നിടുന്നതോടെ മന്ത്രാലയത്തെ വിവരങ്ങള്‍ അറിയിക്കേണ്ടി വരും.

40 മുതല്‍ 59 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് 12ാം ഘട്ടത്തില്‍ ഉള്‍പ്പെടുക. 14288 സ്ഥാപനങ്ങളെയാണ് ഈ ഘട്ടത്തില്‍ പദ്ധതിക്ക് കീഴില്‍ വരുന്നത്. ഈ സ്ഥാപനങ്ങളില്‍ ഏകദേശം 6,87,607 തൊഴിലാളികളുണ്ട്. സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും ‘വേതന സുരക്ഷ പദ്ധതി’ നടപ്പിലാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ പറഞ്ഞു.

തൊഴിലാളികള്‍ക്ക് നിശ്ചിത സമയത്ത് ശമ്പളം നല്‍കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതി നടപ്പിലാക്കി രണ്ട് മാസത്തിനുള്ളില്‍ ശമ്പള വിവരം നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയ സേവനങ്ങള്‍ നിര്‍ത്തലാക്കും. എങ്കിലും ഇഖാമ ഇഷ്യു ചെയ്യുക, പുതുക്കുക എന്നീ സേവനങ്ങള്‍ ലഭ്യമാകും. മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാതിരുന്നാല്‍ സ്ഥാപനങ്ങള്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും നിര്‍ത്തലാക്കും. തൊഴില്‍ കാര്‍ഡ് കാലാവധി തീര്‍ന്നിട്ടില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ സമ്മതം കൂടാതെ മറ്റ് സ്ഥാപനത്തിലേക്ക് മാറാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x