
റിയാദ്: ശരിയായ തൊഴില്‍, താമസ രേഖകള്‍ ഇല്ലാത്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗത്തിന്റെ മൊബൈല്‍ സന്ദേശം. വിദേശികള്‍ പാസ്പോര്‍ട്ട് മന്ത്രാലയത്തിന് വിരലടയാളം നല്‍കണമെന്നും സന്ദേശത്തിലുണ്ട്. നിയമലംഘകരില്ലാത്ത സൗദി അറേബ്യ എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കാനാണ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്.
നിയമവിരുദ്ധരെ തുടച്ചുനീക്കാനുള്ള ദൗത്യത്തില്‍ പങ്കുചേരണമെന്ന് രാജ്യത്തെ പൗരന്മാരോട് പാസ്പോര്‍ട്ട് വിഭാഗം സന്ദേശത്തില്‍ അഭ്യര്‍ഥിക്കുന്നു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവര്‍, നുഴഞ്ഞുകയറ്റക്കാര്‍, സന്ദര്‍ശന വിസയിലോ തീര്‍ഥാടനത്തിനോ വന്ന് തിരിച്ചുപോകാത്തവര്‍ എന്നിവരെ അനധികൃത താമസക്കാരായാണ് പരിഗണിക്കുക.
വിരലടയാളം ഉള്‍പ്പെടുന്ന ജൈവവിവരങ്ങള്‍ നല്‍കാത്ത വിദേശികള്‍ ഉടന്‍ വിരലടയാളം നല്‍കണമെന്നും പാസ്പോര്‍ട്ട് വിഭാഗം അഭ്യര്‍ഥിച്ചു. ആറ് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ സ്ത്രീപുരുഷന്മാരും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട് വിഭാഗത്തിന്റെ വെബ്സൈറ്റില്‍ വിരലടയാളം നല്‍കണം. ഇത് നല്‍കാത്തവര്‍ക്ക് പാസ്പോര്‍ട്ട് വിഭാഗത്തിന്റെ സേവനം ലഭിക്കില്ലെന്നും സന്ദേശത്തില്‍ പറയുന്നു. രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശികള്‍ തങ്ങളുടെ ആശ്രിതര്‍ നിയമാനുസൃതമായാണ് കഴിയുന്നതെന്നും വിസ കാലാവധി കഴിയുന്നതോടെ തിരിച്ചുപോവുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പാസ്പോര്‍ട്ട് വിഭാഗം അഭ്യര്‍ഥിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.