Currency

തീര്‍ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായം; സൗദി റെഡ് ക്രസന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

സ്വന്തം ലേഖകന്‍Saturday, August 12, 2017 11:59 am

ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളിലും തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന പാതകളിലും റെഡ്ക്രസന്റിന്റെ സേവനം ലഭ്യമാകും. രണ്ടായിരത്തി അഞ്ഞൂറോളം അധിക ജീവനക്കാരെയും റെഡ്ക്രസന്റ് നിയമിച്ചിട്ടുണ്ട്.

റിയാദ്: തീര്‍ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാന്‍ സൗദി റെഡ് ക്രസന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സൗദി റെഡ്ക്രസന്റ് ഹജ്ജ് പദ്ധതികള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വളരെ നേരത്തെ തന്നെ ആരംഭിച്ചു. ഹാജിമാര്‍ക്ക് സേവനം നല്‍കാന്‍ റെഡ്ക്രസന്റ് പൂര്‍ണ്ണ സജ്ജമായതായി ചെയര്‍മാന്‍ മുഹമ്മദ് അല്‍ഖാസിം പറഞ്ഞു. ഹാജിമാര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളിലും തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന പാതകളിലും റെഡ്ക്രസന്റിന്റെ സേവനം ലഭ്യമാകും. രണ്ടായിരത്തി അഞ്ഞൂറോളം അധിക ജീവനക്കാരെയും റെഡ്ക്രസന്റ് നിയമിച്ചിട്ടുണ്ട്. മക്ക, മദീന നഗങ്ങളിലാണ് ഇപ്പോള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. മിന, അറഫ, മുസ്ദലി എന്നിടങ്ങളിലും ഇവിടങ്ങളിലേക്കുള്ള വഴികളിലുമായി 51 പോയന്റുകളിലായി ആംബുലന്‍സ് സേവനം ലഭിക്കും. തീര്‍ഥാടകര്‍ മക്കയിലേക്ക് വരുന്ന മുഴുവന്‍ ഹൈവേകളിലുമായി റെഡ്ക്രസന്റ് സേവനം ലഭ്യമാക്കുന്നതിനായി തൊണ്ണൂറ്റി നാല് താത്കാലിക കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്.

പ്രധാന കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകും. രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിന് എട്ട് എയര്‍ ആംബുലന്‍സുകളും റെഡ്ക്രസന്റിന് കീഴില്‍ പ്രവര്‍ത്തിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x