Currency

സൗദിയില്‍ ഇനി വനിതകള്‍ക്കും സ്റ്റേഡിയത്തിലിരുന്നു കളി കാണാം

സ്വന്തം ലേഖകന്‍Thursday, November 2, 2017 11:22 am

സൗദി അറേബ്യയില്‍ സ്റ്റേഡിയങ്ങളിലും കായിക മത്സരങ്ങള്‍ നടക്കുന്ന മറ്റിടങ്ങളിലും വനിതകള്‍ക്കും കുടുംബങ്ങള്‍ക്കും പ്രവേശനം നല്‍കാന്‍ തീരുമാനം. 2018 ആദ്യത്തില്‍ ഇതിന് തുടക്കമാകുമെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് അറിയിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ സ്റ്റേഡിയങ്ങളിലും കായിക മത്സരങ്ങള്‍ നടക്കുന്ന മറ്റിടങ്ങളിലും വനിതകള്‍ക്കും കുടുംബങ്ങള്‍ക്കും പ്രവേശനം നല്‍കാന്‍ തീരുമാനം. 2018 ആദ്യത്തില്‍ ഇതിന് തുടക്കമാകുമെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് അറിയിച്ചു. രാജ്യത്തിന്റെ ഇസ്ലാമിക നിഷ്ഠയില്‍ നിന്ന് വ്യതിചലിക്കാതെയുള്ള സൗദിയുടെ സ്ത്രീ ശാക്തീകരണ നീക്കങ്ങളില്‍ സുപ്രധാനമായ പ്രഖ്യാപനമാണ് തിങ്കളാഴ്ച ഉണ്ടായത്. പുരുഷന്മാര്‍ക്കെന്നപോലെ ഇനി വനിതകള്‍ക്കായും കായിക സ്റ്റേഡിയങ്ങളുടെ വാതായനങ്ങള്‍ തുറക്കം. എന്നാല്‍, കൃത്യമായ ക്രമീകരണങ്ങളോടെയാണെന്നു മാത്രം.

റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളിലെ പ്രധാന സ്‌റ്റേഡിയങ്ങള്‍ കുടുംബങ്ങളെ സ്വീകരിക്കാന്‍ പാകത്തില്‍ ജനുവരിയോടെ പുനഃക്രമീകരിക്കും. അതിന് ശേഷമാണ് വനികള്‍ക്ക് സ്റ്റേഡിയങ്ങളില്‍ മത്സരം വീക്ഷിക്കാന്‍ അനുമതി നല്‍കുക. ആദ്യഘട്ടമെന്നോണം റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയം, ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട് സിറ്റി, ദമാമിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ കുടുംബസമേതം വന്നു പരിപാടികളില്‍ പങ്കെടുക്കാനുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി സ്റ്റേഡിയങ്ങളിലെ ഗ്യാലറിയുടെ പതിനഞ്ചു ശതമാനം സ്ഥലം കുടുംബങ്ങള്‍ക്കുള്ള ഇരിപ്പിടമാക്കി മാറ്റും.

കഴിഞ്ഞമാസം നടന്ന സൗദി ദേശീയദിനാഘോഷ ചടങ്ങുകളില്‍ വനിതകള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശാനുമതി ഉണ്ടായിരുന്ന സ്റ്റേഡിയത്തില്‍ സ്തീകള്‍ക്ക് അനുമതി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. സ്ത്രീകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് നീക്കുന്നതിന് ഈയ്യടുത്താണ് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്. ഏതാനും മാസങ്ങള്‍ക്കൊണ്ടു അത് നടപ്പിലാവണം എന്നാണു ഉത്തരവ്.

ഈ അധ്യയന വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് കൂടി സ്‌കൂളുകളില്‍ കായിക വിദ്യഭ്യാസം നടപ്പിലാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സൗദി ഫെഡറേഷന്‍ ഫോര്‍ കമ്യൂണിറ്റി സ്‌പോര്‍ട്‌സ്പ്രസിഡന്റായി അമീറ റീമ ബിന്‍ത് ബന്ദറിനെ നിയമിച്ചതും ഇതിന്റെ ഭാഗമാണ്. ആദ്യമായാണ് ഒരു വനിത ഈ പദവിയില്‍ എത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x