Currency

സൗദിയിലേക്കുള്ള സന്ദര്‍ശക വിസ 300 റിയാലാക്കി കുറച്ചെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Wednesday, May 2, 2018 11:49 am

റിയാദ്: സൗദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്കുള്ള തുക കുത്തനെ കുറച്ചതായി ട്രാവല്‍സ് ഏജന്റുമാര്‍. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ലഭിച്ചതായും ഇന്നു മുതല്‍ പുതിയ തുക ഈടാക്കുമെന്നും വിവിധ ഏജന്‍സികള്‍ പറഞ്ഞു. ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിച്ച അറിയിപ്പനുസരിച്ച് ഇനി മുതല്‍ 300-350 റിയാലാകും പുതിയ വിസ സ്റ്റാമ്പിങ് ചാര്‍ജായി ഈടാക്കുക.

2016 ഒക്ടോബറിലാണ് സൗദിയിലേക്കുള്ള സന്ദര്‍ശക വിസ കൂട്ടിയത്. മൂന്ന് മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസക്ക് അന്നുമുതല്‍ 2000 റിയാലായിരുന്നു തുക. കേരളത്തില്‍ സൗദിയിലേക്ക് മൂന്ന് മാസത്തേക്ക് ഫാമിലി വിസ സ്റ്റാമ്പിങിന് ഇന്‍ഷൂറന്‍സും ജിഎസ്ടിയുമടക്കം 45000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ഈ തുകയാണ് ഒറ്റയടിക്ക് 10000 രൂപയിലേക്കെത്തുന്നത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മുബൈയിലെ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ചതായി ട്രാവല്‍ ഏജന്റുകള്‍ അറിയിച്ചു.

ആറുമാസ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് നിലവില്‍ 3000 റിയാലാണ് തുക. ഇത് 450 റിയാലാകുമെന്നും ട്രാവല്‍ ഏജന്റുമാര്‍ വിശദീകരിക്കുന്നു. പുതിയ നിരക്ക് സംബന്ധിച്ച വ്യക്തത ഇന്ന് വിസ തുകയടക്കുമ്പോള്‍ കൃത്യപ്പെടുത്താനാകുമെന്ന് ഏജന്റുമാര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x