Currency

റെന്റ് എ കാര്‍ മേഖലയും സ്വദേശിവത്കരണത്തിന്; മാര്‍ച്ച് 18 മുതല്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Friday, March 9, 2018 12:47 pm

റിയാദ്: സൗദിയില്‍ റെന്റ് എ കാര്‍ മേഖല സ്വദേശിവത്കരണത്തിന് പത്ത് ദിവസം ബാക്കി നില്‍ക്കെ സൌദി തൊഴില്‍ മന്ത്രാലയം വിവിധ ശാഖകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. സ്വദേശിവത്കരണത്തിന് മുന്നോടിയായുള്ള മുന്നറിയിപ്പ് പരിശോധന സ്ഥാപനങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 18 മുതലാണ് സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരിക.

റെന്റ് എ കാര്‍ മേഖല സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നിശ്ചയിച്ച അവധിക്ക് ഒമ്പതു ദിവസം മാത്രമാണ് ബാക്കി. ഇതു കാണിച്ച് മന്ത്രാലയ ശാഖയിലേക്ക് സര്‍ക്കുലര്‍ അയച്ചതായി ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി. മാര്‍ച്ച് 18 അഥവാ റജബ് ഒന്ന് മുതലാണ് ഈ മേഖലയിലെ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരിക. സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ജോലികളില്‍ വിദേശികളെ നിയമിച്ചാല്‍ നിയമം അനുശാസിക്കുന്ന പിഴയും ശിക്ഷയും ലഭിക്കുമെന്ന് മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഈ വിവരം നേരിട്ട് അറിയിക്കാനും അവസ്ഥ ശരിപ്പെടുത്താനുള്ള മുന്നറിയിപ്പിന്റെയും ഭാഗമായി സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും സന്ദര്‍ശനവും ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സമയം മുന്‍കൂട്ടി വിവരം നല്‍കിയിരുന്നുവെന്നും സ്വദേശിവത്കരണ തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോവില്ലെന്നും മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x