Currency

സൗദിയിലെ ജ്വല്ലറികളില്‍ നിര്‍ബന്ധിത സ്വദേശിവത്കരണം നടപ്പിലാക്കി

സ്വന്തം ലേഖകന്‍Monday, December 4, 2017 12:17 pm

ജിദ്ദ: സൗദിയിലെ ജ്വല്ലറികളില്‍ നിര്‍ബന്ധിത സ്വദേശിവത്കരണം പ്രാബല്യത്തിലായി. ഇനി മുതല്‍ കടകളില്‍ വിദേശികളെ ജോലിക്ക് നിര്‍ത്തിയാല്‍ ഇരുപതിനായിരം റിയാല്‍ പിഴയും ശിക്ഷയുമുണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ മന്ത്രാലയം പരിശോധന തുടങ്ങി. തൊഴിലാളികളെ മാറ്റാന്‍ അനുവദിച്ച സമയപരിധി ഞായറാഴ്ചയാണ് അവസാനിച്ചത്. ഇനി മുതല്‍ സൗദി പൗരന്‍മാര്‍ക്ക് മാത്രമേ ജ്വല്ലറിയില്‍ ജോലി ചെയ്യാനാവൂ. വിദേശികള്‍ പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിനാണ് പിഴ.

വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടിക്കും. അതേസമയം സ്വദേശികളെ ജ്വല്ലറി ജോലിക്ക് പരിശീലിപ്പിച്ചിരുന്നെങ്കിലും ഇവരില്‍ പലരും ഉന്നത പഠനത്തിനും മറ്റ് ജോലികള്‍ക്കും പോയെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മതിയായ ജീവനക്കാരില്ലെങ്കില്‍ പല സ്ഥാപനങ്ങളും പൂട്ടേണ്ടി വരുമെന്നും കട ഉടമസ്ഥരെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ പറയുന്നു. നിരവധി മലയാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്തിരുന്നു.

ജ്വല്ലറി മേഖലയില്‍ സ്വദേശിവത്കരണം വര്‍ഷങ്ങള്‍ക്കു മുന്‍പ് മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് പ്രാവര്‍ത്തികമായില്ല. ഈ സാഹചര്യത്തിലാണ് സമ്പൂര്‍ണ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x