Currency

റമദാന്‍: യു.എ.ഇയില്‍ ആയിരക്കണക്കിന് തടവുകാര്‍ക്ക് മോചനം

സ്വന്തം ലേഖകന്‍Friday, May 3, 2019 1:18 pm

ഷാര്‍ജ: റമദാന്‍ പ്രമാണിച്ച് യു.എ.ഇയില്‍ ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രസിഡന്റ് ശൈഖ് ഖലീഫയും ഷാര്‍ജ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരികളും ഇത് സംബന്ധിച്ച് ഉത്തരവിറക്കി. വിവിധ ജയിലുകളില്‍ പല കുറ്റങ്ങളിലായി ശിക്ഷ അനുഭവിച്ചുവരുന്ന 3005 തടവുകാരെ വിട്ടയക്കാനും അവരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനുമാണ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ ഉത്തരവ്.

ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന 377 തടവുകാരെ വിട്ടയക്കാനാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടത്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള തടവുകാര്‍ക്കാണ് മോചനം ലഭിക്കുക. ജയില്‍വാസ കാലത്തെ സ്വഭാവ ഗുണങ്ങള്‍ കണക്കിലെടുത്താണ് ആളുകളെ വിട്ടയക്കുന്നത്. റാസല്‍ഖൈമയിലെ തടവറകളില്‍ നിന്ന് 306 പേരെ വിട്ടയക്കുമെന്നാണ് സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ പ്രഖ്യാപനം.

ഉമ്മുല്‍ ഖുവൈനിലെ ജയിലുകളില്‍ നിന്ന് കുറച്ച് തടവുകാരുടെ മോചനം സംബന്ധിച്ച് സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയും ഉത്തരവിട്ടിട്ടുണ്ട്. തടവുകാരുടെ മോചനം എളുപ്പത്തില്‍ സാധ്യമാക്കുമെന്നും പലര്‍ക്കും റമദാന്‍ ആദ്യ ഘട്ടത്തില്‍ തന്നെ കുടുംബവുമൊത്ത് ചേരുവാന്‍ സൗകര്യമൊരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x