Currency

കുറ്റവാളികളെ പിടികൂടുന്നതിന് 500 ഓളം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും

സ്വന്തം ലേഖകന്‍Wednesday, January 11, 2017 11:59 am

ഷാര്‍ജ: കുറ്റവാളികളെ പിടികൂടുന്നതിന് ഷാര്‍ജയില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ പൊലീസ് ഒരുങ്ങുന്നു. വിവിധയിടങ്ങളിലായി 500 ഓളം നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുക. അതേസമയം കഴിഞ്ഞ വര്‍ഷം ഷാര്‍ജയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നതായും പൊലീസ് വ്യക്തമാക്കി. 2015 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ക്രിമിനല്‍ കുറ്റങ്ങളും അല്ലാത്ത കുറ്റകൃത്യങ്ങളും കുറഞ്ഞുവെന്നാണ് പൊലീസിന്റെ കണക്ക്. 2015ല്‍ 15114 ക്രിമിനല്‍ കുറ്റങ്ങള്‍ ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ 2016ല്‍ അത് 13638 ആയി കുറഞ്ഞു.

വാഹനാപകടങ്ങളുടെ എണ്ണത്തിലും പോയ വര്‍ഷം കുറവ് വന്നു. അപകടമരണ നിരക്കും കുറഞ്ഞു. വലിയ അപകടങ്ങളടെ എണ്ണത്തില്‍ 10.6 ശതമാനത്തിന്റെ കുറവാണ് പോയ വര്‍ഷം രേഖപ്പെടുത്തിയത്. അതേസമയം മയക്കുമരുന്ന് കേസുകളില്‍ എമിറേറ്റില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 453 കേസുകളാണ് 2015ല്‍ രേഖപ്പെടുത്തിയിരുന്നതെങ്കില്‍ 2016ല്‍ അത് 643 ആയി ഉയര്‍ന്നു.

കുറ്റകൃത്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത് എന്ന് പൊലീസ് വ്യക്തമാക്കുന്നു. 500 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കുന്നതോടെ എമിറേറ്റിലെ മൊത്തം നിരീക്ഷണ ക്യാമറകളുടെ എണ്ണം ഏഴായിരം ആയി ഉയരും. സമൂഹമാധ്യമങ്ങളിലൂടെയും പൊതുജനങ്ങള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ പൊലീസ് ബോധവത്കരണം നടത്തി വരുന്നുണ്ട്. സ്‌കൂളുകളിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതും കുറ്റകൃത്യങ്ങളുടെ തോത് കുറക്കാന് സഹായകമായി എന്നും ഷാര്‍ജ പൊലീസ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x