
ന്യൂഡല്‍ഹി: തലസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അഴിച്ചുപണിയാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. എസ്.സി.ഇ.ആര്‍.ടി, ഡയറ്റ് എന്നീ സ്ഥാപനങ്ങളില്‍ ഘടനാപരമായ മാറ്റംവരുത്താനാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനം. 1980ല്‍ രൂപവത്കരിക്കപ്പെട്ടതാണ് എസ്.സി.ഇ.ആര്‍.ടിയും ഡയറ്റും. ഇവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇപ്പോഴുള്ള അക്കാദമിക് ഫാക്കല്‍റ്റിയില്‍ 240 പേരുള്ളത് അറുനൂറായി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്പളഘടന കാലാനുസൃതമായി പരിഷ്‌കരിക്കും. കൂടാതെ, യോഗ്യത യു.ജി.സി. തലത്തിലേക്കും ഉയര്‍ത്തും.
വിദ്യാഭ്യാസ വളര്‍ച്ചയില്‍ നിര്‍ണായകമായിട്ടുള്ള ഈ രണ്ടുസ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. വിവിധ പദ്ധതികളിലൂടെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ പരിപോഷിച്ചുവരികയാണ് ഈ രണ്ടുസ്ഥാപനങ്ങളും. അധ്യാപകര്‍ക്ക് വിവിധതരത്തിലുള്ള പരിശീലന പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു. മാത്രവുമല്ല നഗരത്തില്‍ രണ്ടു ഡയറ്റുകള്‍കൂടി സ്ഥാപിക്കും. എല്ലാ ഡയറ്റുകളിലും പ്രീസ്‌കൂള്‍ ഡിപ്ലോമ കോഴ്‌സുകളും ബി.എഡ്. ഡിഗ്രികോഴ്‌സുകളും തുടങ്ങും.
കേന്ദ്ര മാനവശേഷിമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം പാലിച്ചായിരിക്കും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പരിഷ്‌കാരം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള കേന്ദ്രസഹായ പദ്ധതികളും പരമാവധി പ്രയോജനപ്പെടുത്തും. എസ്.സി.ഇ.ആര്‍.ടി.യുടെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച വിദഗ്ധസമിതിയായിരിക്കും പരിഷ്‌കാരനടപടികള്‍ക്ക് നേതൃത്വം നല്‍കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.