Currency

നാഗര്‍ഹോളെ വന്യജീവിസങ്കേതത്തിലൂടെയുള്ള യാത്രക്കാരെ നിരീക്ഷിക്കാന്‍ വനംവകുപ്പ്

സ്വന്തം ലേഖകന്‍Tuesday, December 6, 2016 3:17 pm

ഇനിമുതല്‍ നാഗര്‍ഹോളെ വനത്തിന്റെ ഇരുപ്രവേശനകവാടങ്ങളിലും വനപാലകരുടെ സാന്നിധ്യമുണ്ടാകും. കടന്നുപോകുന്ന വാഹനം, നമ്പര്‍, ഡ്രൈവറുടെ പേര്, യാത്രക്കാരുടെ എണ്ണം, പ്രവേശനസമയം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും.

മൈസൂരു: നാഗര്‍ഹോളെ വന്യജീവിസങ്കേതത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്. ഇനിമുതല്‍ നാഗര്‍ഹോളെ വനത്തിന്റെ ഇരുപ്രവേശനകവാടങ്ങളിലും വനപാലകരുടെ സാന്നിധ്യമുണ്ടാകും. കടന്നുപോകുന്ന വാഹനം, നമ്പര്‍, ഡ്രൈവറുടെ പേര്, യാത്രക്കാരുടെ എണ്ണം, പ്രവേശനസമയം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ഈ വിവരങ്ങള്‍ അടുത്ത ചെക്‌പോസ്റ്റിലുള്ള വനപാലകര്‍ക്ക് ടാബ് വഴി കൈമാറും. കൂടാതെ യാത്രക്കാര്‍ക്ക് പരിശോധന നടത്തിയതിന്റെ തെളിവായി ഒരു രസീതും നല്‍കും. ഇത് യാത്രക്കാര്‍ അടുത്ത ചെക്‌പോസ്റ്റിലുള്ള വനപാലകര്‍ക്ക് കൈമാറണം. ഈ രീതി കൂടുതല്‍ സമയം വനത്തില്‍ ചെലവിടുന്നവരെ കണ്ടെത്താന്‍ സഹായിക്കുമെന്നു വനപാലകര്‍ പറയുന്നു. അടുത്തിടെ വനത്തിനും വന്യജീവികള്‍ക്കും നേരേ അതിക്രമങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നു യാത്രക്കാരെ കര്‍ശനമായി നിരീക്ഷിക്കാനാണ് വനംവകുപ്പ് അധികൃതരുടെ തീരുമാനം.

നാഗര്‍ഹോളെ വനമേഖലയില്‍ മദ്യപാനമടക്കമുള്ള പ്രശ്‌നങ്ങള്‍ നടക്കുന്നതായി വനപാലകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ താക്കീത് ചെയ്തുവിട്ടിട്ടും വീണ്ടും പ്രശ്‌നങ്ങള്‍ തുടരുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കര്‍ശനനടപടി. പ്രത്യേക സെര്‍വറിന്റെ സഹായത്തോടെ വനപാലകര്‍ പരിശോധന ആരംഭിച്ചു. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ടാബുകള്‍ ഉപയോഗിച്ചുള്ള ഈ രീതി നടപ്പാക്കിയത്. പദ്ധതി വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും നാഗര്‍ഹോളെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ബെല്ലിയപ്പ പറഞ്ഞു. വന്യജീവികള്‍ ചാവുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വൈകിട്ട് ആറുമണി മുതല്‍ രാവിലെ ആറുവരെ നാഗര്‍ഹോളെ വനത്തിലുടെയുള്ള വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് രാത്രിയാത്രക്കാര്‍ ഹുന്‍സൂര്‍ വഴിയാണ് പോകുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

13 thoughts on “നാഗര്‍ഹോളെ വന്യജീവിസങ്കേതത്തിലൂടെയുള്ള യാത്രക്കാരെ നിരീക്ഷിക്കാന്‍ വനംവകുപ്പ്”

  1. I could not resist commenting. Exceptionally well written!

Comments are closed.

Top
x