Currency

ഇന്ത്യക്കാരിയ്ക്കായി പ്രത്യേക ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ടൊറന്റോ സര്‍വ്വകലാശാല

സ്വന്തം ലേഖകൻMonday, May 22, 2017 12:19 pm

അര്‍ബുദത്തോട് പൊരുതി പിഎച്ച്‌ഡി നേടിയ ഇന്ത്യക്കാരിക്കായി പ്രത്യേക ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ടൊറന്റോ സര്‍വ്വകലാശാല

ടൊറന്റോ: അര്‍ബുദ രോഗത്തോട് പൊരുതി പിഎച്ച്‌ഡി നേടിയ ഇന്ത്യക്കാരിക്കായി പ്രത്യേക ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ടൊറന്റോ സര്‍വ്വകലാശാല. പ്രസില്ല ഡിസൂസ എന്ന 45 കാരിയ്ക്കു ഇനി നാലാഴ്ച മാത്രം ആയുസ്സാണു ഡോക്ടർമാർ  പറഞ്ഞിരിക്കുന്നത്.  ഈ സാഹചര്യത്തിലാണു മേയ് ഒൻപതിന് പ്രത്യേക ബിരുദദാന സമ്മേളനം ചേര്‍ന്നു സർവ്വകലാശാല ഇവർക്കു പിഎച്ച്‌ഡി നൽകിയത്.  ജൂണിലായിരുന്നു ടൊറന്റോ സര്‍വകലാശാലയുടെ ഡോക്ടറല്‍ ബിരുദദാനം നടക്കേണ്ടിയിരുന്നത്. 

കര്‍ണാടകയിലെ ബേല്‍ത്തങ്ങാടി എന്ന ഗ്രാമത്തില്‍ അര്‍ബന്‍ വെയ്ഗസ്, യൂജീന്‍ മഡ്തയ ദമ്പതികളുടെ ആറാമത്തെ കുട്ടിയായാണു 1972 ജൂലൈ 13ന് പ്രസില്ല ജനിച്ചത്. 2015 ലാണ് അർബുദരോഗം പിടിപെട്ട കാര്യം തിരിച്ചറിഞ്ഞത്. പിത്ത നാളിയെ ബാധിച്ച കാന്‍സര്‍ പിന്നീട് അണ്ഡാശയത്തിലേക്കും കരളിലേക്കും ശ്വാസകോശങ്ങളിലേക്കും ബാധിക്കുകയായിരുന്നു. ഈ സമയത്ത് 80 ശതമാനം പിഎച്ച്ഡി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരുന്നു. തുടർന്നു കീമോതെറാപ്പിയുടെ ഇടവേളകളില്‍ ലാബും ലൈബ്രറിയുമായി പ്രസില്ല തന്റെ സ്വപ്നവുമായി മുന്നോട്ട് പോകുകയായിരുന്നു. 

ട്രോമാ കെയര്‍ രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതു സംബന്ധിച്ച പഠനത്തിലാണ് പ്രസില്ലയ്ക്ക് പിഎച്ച്ഡി നൽകിയിരിക്കുന്നത്. സെന്റ് മിഖായേല്‍ ആശുപത്രിയിലെ ട്രോമാ വിഭാഗത്തിലെത്തുന്ന രോഗികള്‍ക്കു പ്രസില്ലയുടെ പഠനത്തിന്റെ ഫലം ഇതിനോടകം ലഭിച്ചിട്ടുണ്ട്. രോഗികളുടെ ശരീരത്തില്‍നിന്ന് അധികം രക്തം നഷ്ടപ്പെടാതിരിക്കാനുള്ള ഫലപ്രദമായ ഉപാധി നിർദേശിക്കുന്ന പഠനമാണു പ്രസില്ലയുടേത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x