Currency

ഇന്ത്യയിലേക്ക് നേരിട്ടുള്ള കൂടുതല്‍ വിമാനസര്‍വീസുകള്‍ തുടങ്ങണമെന്ന് ഓസ്‌ട്രേലിയന്‍ ടൂറിസം മന്ത്രി

സ്വന്തം ലേഖകന്‍Thursday, September 26, 2019 3:18 pm

ഓസ്ട്രേലിയ: ഓസ്ട്രേലിയന്‍ ടൂറിസം മേഖലയുടെ വികസനത്തിന് ഇന്ത്യയിലേക്ക് നേരിട്ടുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ ആവശ്യമാണെന്ന് സൈമണ്‍ ബര്‍മിംഗ്ഹാം വ്യക്തമാക്കി. ഇതിനായി കൂടുതല്‍ സിമാന കമ്പനികള്‍ മുന്‍പോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയിലേക്ക് നേരിട്ട് ആഴ്ചയില്‍ എട്ട് സര്‍വീസുകള്‍ നടത്തുന്നത് എയര്‍ ഇന്ത്യ മാത്രമാണ്. സൗത്ത് ഓസ്ട്രേലിയയില്‍ നടക്കുന്ന 25മത് ലോക റൂട്‌സ് കോണ്‍ഫറന്‍സില്‍ ആണ് മന്ത്രി ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.

ഓസ്ട്രേലിയന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്റെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന എട്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ നിന്നും 342,694 പേരാണ് കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ സന്ദര്‍ശിച്ചത്. എന്നാല്‍ സന്ദര്‍ശകരുടെ എണ്ണത്തിന് ആനുപാതികമായുള്ള വിമാന സര്‍വീസുകള്‍ ഇരു രാജ്യങ്ങളിലെക്കും ഇല്ല എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

എയര്‍ ഇന്ത്യ വിമാനത്തില്‍ സിഡ്നിയില്‍ നിന്നും ഡല്‍ഹിയിലെത്താന്‍ പന്ത്രണ്ടര മണിക്കൂറും, ഹോംഗ് കോങ്ങ് വഴി 18 മണിക്കൂറും യാത്ര ചെയ്യണം. ഇത് മൂലം വര്‍ദ്ധിച്ച യാത്രാ സമയവും ചിലവുമാണ് യാത്രക്കാര്‍ നേരിടേണ്ടി വരുന്നത്. ഇത് കൂടുതല്‍ സന്ദര്‍ശകര്‍ ഓസ്ട്രേലിയയിലേക്ക് എത്തുന്നതിന് തടസ്സമാകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയില്‍ 13 പേരില്‍ ഒരാള്‍ ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. മേഖലയില്‍ കൂടുതല്‍ വികസനം അനിവാര്യമാണ്. അതുകൊണ്ടു തന്നെ പുതിയ വിമാന റൂട്ടുകളും സര്‍വീസുകളും തുടങ്ങുന്നത് വഴി മാത്രമേ ഇത് സാധ്യമാകൂവെന്ന് മന്ത്രി സൈമണ്‍ ബര്‍മിംഗ്ഹാം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x