
റിയാദ്: സൗദിയില്‍ ട്രാഫിക് നിയമം ലംഘിക്കുന്നവരെ പിടിക്കാന്‍ പുതിയ ആശയവുമായി ട്രാഫിക് വകുപ്പ്. നിയമലംഘകരെ കണ്ടെത്താന്‍ റോഡിലിറങ്ങുന്ന പട്രോളിങ് വാഹനങ്ങളിലും ട്രാഫിക് വിഭാഗം ക്യാമറകള്‍ സ്ഥാപിച്ചു. ട്രാഫിക് വിഭാഗത്തിന്റെ സാധാരണ വാഹനങ്ങളിലാണ് ക്യാമറകള്‍ ഘടിപ്പിച്ചത്. അമിതവേഗത, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കല്‍, ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗിക്കല്‍ എന്നിവ ഇത്തരം ക്യാമറകള്‍ ഒപ്പിയെടുക്കും. ക്യാമറയുള്ള സ്ഥലങ്ങളില്‍ മാത്രം വേഗത കുറയ്ക്കുന്നവര്‍ക്ക് ഇതോടെ കനത്ത പിഴ നല്‍കേണ്ടി വരും.
നിശ്ചിത സ്ഥലങ്ങളില്‍ സ്ഥാപിച്ച ക്യാമറകളാണ് നേരത്തെ നിയമലംഘനം പിടിച്ചെടുത്തിരുന്നത്. ഓരോ റോഡിനും നിശ്ചയിച്ചിട്ടുള്ള വേഗത ട്രാഫിക് വിഭാഗത്തിന്റെ വാഹനത്തില്‍ സെറ്റ് ചെയ്യും. ശേഷം മുന്നിലൂടെയോ പിന്നിലൂടെയോ അമിതവേഗത്തില്‍ ഏത് വാഹനമെത്തിയാലും ഓട്ടോമാറ്റിക് ക്യാമറ അവരെ പിടികൂടും.
അതേസമയം ട്രാഫിക് ചിഹ്നങ്ങളൊന്നുമില്ലാത്ത വാഹനങ്ങളിലും ഈ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിനാല്‍ സൗദിയില്‍ വാഹനമോടിക്കുമ്പോള്‍ ഇനി കര്‍ശനമായ നിയമങ്ങള്‍ പാലിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.