Currency

പ്രസവിച്ചത് ഇരട്ടക്കുട്ടികളെ; കൈമാറിയത് ഒരു കുട്ടിയെ; നിഷേധിച്ച് സഫ്ദര്‍ജംഗ് ആശുപത്രി

സ്വന്തം ലേഖകന്‍Saturday, January 7, 2017 12:31 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ താന്‍ പ്രസവിച്ചത് ഇരട്ടക്കുട്ടികളെയാണെന്നും എന്നാല്‍ ലഭിച്ചത് ഒരു കുട്ടിയെ മാത്രമാണെന്നും ആരോപണവുമായി 19കാരി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഡല്‍ഹി വനിത കമ്മീഷനില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ പരാതിയില്‍ വനിത കമ്മീഷന്‍ ആശുപത്രിക്ക് നോട്ടീസ് അയച്ചു. ഡിസംബര്‍ 22നാണ് യുവതി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രസവിച്ചത്. താന്‍ ഇരട്ടക്കുട്ടികള്‍ക്കാണ് ജന്മം നല്‍കിയതെന്നും എന്നാല്‍ ഒരു കുട്ടിയെ മാത്രമാണ് ആശുപത്രി അധികൃതര്‍ കൈമാറിയതെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. യുവതിയുടെ ആരോപണം ഗൗരവതരമാണെന്നും 48 മണിക്കൂറിനുള്ളില്‍ വ്യക്തമായ മറുപടി നല്‍കണമെന്നും കാണിച്ചാണ് ആശുപത്രിക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ആരോപണങ്ങള്‍ക്ക് ബലമേകാന്‍ ഗര്‍ഭകാലത്തെ ഒമ്പതാം മാസം വരെയെടുത്ത അള്‍ട്രാസൗണ്ട് റിപ്പോര്‍ട്ടും ഡോക്ടറുടെ കുറിപ്പും യുവതി പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. അള്‍ട്രാസൗണ്ട് റിപ്പോര്‍ട്ടിലും ഡോക്ടറുടെ മെഡിക്കല്‍ സ്ലിപ്പിലും ഇരട്ടഗര്‍ഭധാരണം എന്ന് രേഖപ്പെടുത്തിയിരുന്നെന്നും യുവതി പറയുന്നു. എന്നാല്‍ അള്‍ട്രാസൗണ്ട് ആശുപത്രിയില്‍ നിന്നുമല്ല യുവതി ചെയ്തതെന്നും ഒരു സ്വകാര്യ ക്ലിനിക്കില്‍ ചെയ്തതാണെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. പ്രസവസമയത്ത് അധിക അമ്‌നിയോട്ടിക് ദ്രാവകം കണ്ടതിനെ തുടര്‍ന്നാണ് ഇരട്ട ഗര്‍ഭധാരണം എന്ന് ഡോക്ടറുടെ കുറിപ്പടിയില്‍ എഴുതിച്ചേര്‍ത്തതെന്നും ആശുപത്രിയുടെ ഭാഗത്ത് നിന്നുമുള്ള വിശദീകരണം.

വകുപ്പ് മേധാവിയോട് വിശദീകരണം തേടിയെന്നും അക്കാര്യം വനിതാ കമ്മീഷനെ അറിയിക്കുമെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ.കെ. റായ് പറഞ്ഞു. യുവതി സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ അള്‍ട്രാ സൗണ്ട് റിപ്പോര്‍ട്ട് ഡോക്ടര്‍ സ്വീകരിച്ചിരുന്നില്ല, മറ്റൊരു പരിശോധന ആശുപത്രിയില്‍ നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രസവസമയത്ത് അധിക അമ്‌നിയോട്ടിക് ദ്രാവകം കണ്ടതിനെയാണ് ഇരട്ടഗര്‍ഭധാരണം എന്ന് ഡോക്ടര്‍ രേഖപ്പെടുത്തിയത്. ആശുപത്രിക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും ഡോ. റായ് പറഞ്ഞു.

എന്നാല്‍ ഒരു നഴ്‌സ് രണ്ടാമത്തെ കുട്ടിയെ തുണിയില്‍ പൊതിയുന്നത് തന്റെ ഭാര്യ കണ്ടെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ഒരു ജീവനക്കാരന്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം പൊലീസില്‍ പരാതി നല്‍കാന്‍ തങ്ങള്‍ പേടിച്ചെന്നും പിന്നീട് അഞ്ച് ദിവസം കഴിഞ്ഞാണ് പരാതി നല്‍കിയതെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ഡിസംബര്‍ 27നാണ് ദമ്പതികള്‍ പരാതി നല്‍കിയതെന്ന് അഡീഷണല്‍ ഡിസിപി ചിന്മയ് ബിശ്വാല്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x