വാന്‍കൂവര്‍: പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം സര്‍വീസ് നടത്തി ചരിത്രം സൃഷ്ടിച്ചിരിക്കയാണ് കാനഡ. ആറുപേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഡിഎച്ച്സി ഹാവിലാന്‍ഡ് ബീവര്‍ വിഭാഗത്തില്‍ പെടുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന സമുദ്രവിമാനം വാന്‍കൂവറില്‍ നിന്നും ബ്രിട്ടീഷ് കൊളംബിയയിലേക്ക് ആദ്യ പറക്കല്‍ നടത്തി. ഹാര്‍ബര്‍ എയര്‍, മാഗ്‌നി എക്സ് കമ്പനികള്‍ ചേര്‍ന്നാണ് വിമാനം നിര്‍മ്മിച്ചിട്ടുള്ളത്.
750എച്ച് പി ശക്തിയുള്ള മാഗ്നി 500 പ്രോപ്പല്‍ഷന്‍ സിസ്റ്റമാണ് ഹാവിലാന്‍ഡ് ബീവറിന്റെ കരുത്ത്. അതോടൊപ്പം സാധാരണ വിമാനങ്ങളുമായി മത്സരിക്കാന്‍ തക്ക കരുത്തുള്ള ഇലക്ട്രിക് എന്‍ജിന്‍ തന്നെയാണ് വിമാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ശബ്ദമലിനീകരണം, കാര്‍ബണ്‍ എമിഷണ്‍ എന്നിവയുടെ കുറവാണ് പ്രധാനഗുണങ്ങള്‍. നേരത്തെ പാരിസ് ഷോയില്‍ ഓസ്ട്രേലിയന്‍ കമ്പനിയായ മാഗ്‌നി എക്സ് ഈ വിമാനം പ്രദര്‍ശിപ്പിച്ചിരുന്നു. 2022 ഓടെ തങ്ങളുടെ എല്ലാവിമാനങ്ങളും വൈദ്യുത വിമാനങ്ങളാക്കി മാറ്റുമെന്ന് വാന്‍കൂവറില്‍ നിന്നും ബ്രിട്ടീഷ് കൊളംബിയയിലേയ്ക്ക് സര്‍വീസ് നടത്തുന്ന ഹാര്‍ബര്‍ എയര്‍ അറിയിച്ചു. വൈദ്യുതവിമാനം പരീക്ഷിച്ചതോടെ വ്യോമയാനരംഗത്ത് പുതുയുഗം ആരംഭിച്ചിരിക്കയാണ്.
ഹരിതഗൃഹവാതകങ്ങളുടെ വന്‍തോതിലുള്ള ബഹിര്‍ഗമനമെന്ന വ്യോമയാനരംഗത്തിന്റെ പ്രധാന ദുഷ്പ്പേര് മാറ്റാന്‍ വൈദ്യുതവിമാനങ്ങള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താന്‍ സാധിക്കുന്ന വൈദ്യുത വിമാനങ്ങള്‍ വികസിപ്പിക്കാന്‍ ഇന്‍ഡസ്ട്രിയ്ക്ക് ഇനിയും സാധിച്ചിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.