Currency

ഇന്ത്യയുമായി ഒപ്പുവച്ച കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

സ്വന്തം ലേഖകന്‍Friday, January 6, 2017 12:44 pm

റിയാദ്: പണം വെളുപ്പിക്കല്‍ സംബന്ധിച്ച് സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. പണം വെളുപ്പിക്കല്‍, ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നേരിടുന്ന കാര്യത്തില്‍ സഹകരിക്കുന്നതിനും അന്വേഷണ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനും ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാറിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് കരാറിന് അംഗീകാരം നല്‍കിയത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സൗദി സന്ദര്‍ശനത്തിനിടയിലാണ് ഇരു രാജ്യങ്ങളിലെയും സാമ്പത്തിക കുറ്റാന്വേഷണ വകുപ്പുകള്‍ തമ്മില്‍ ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്. സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ധാരണാപത്രം അംഗീകരിച്ചുകൊണ്ടുള്ള ശുറാ കൗണ്‍സില്‍ തീരുമാനവും പരിഗണിച്ചാണ് മന്ത്രിസഭയുടെ ഈ അന്തിമ അംഗീകാരം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x