Currency

ജര്‍മനിയില്‍ സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള ആദ്യ സിവില്‍ വിവാഹം നടന്നു

സ്വന്തം ലേഖകൻMonday, October 2, 2017 9:18 am

60 കാരനായ ബോഡോ മെന്‍ഡെയും, 59 കാരനായ കാള്‍ ക്രെയിലെയുമാണ് സിവില്‍ നിയമപ്രകാരം ഒക്ടോബര്‍ ഒന്നിന് വിവാഹിതരായത്.

ബെർലിൻ: ജർമ്മനിയുടെ ചരിത്രത്തിൽ ആദ്യമായ് സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള സിവില്‍ വിവാഹം നടന്നു. ബര്‍ലിനിലെ ഷോണ്‍ബെര്‍ഗ് ടൗണ്‍ ഹാളിലായിരുന്നു വിവാഹച്ചടങ്ങ്. 60 കാരനായ ബോഡോ മെന്‍ഡെയും, 59 കാരനായ കാള്‍ ക്രെയിലെയുമാണ് സിവില്‍ നിയമപ്രകാരം ഒക്ടോബര്‍ ഒന്നിന് വിവാഹിതരായത്. 

ജര്‍മനിയില്‍ ദമ്പതികള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന നികുതിയുള്‍പ്പടെയുള്ള എല്ലാ അവകാശങ്ങളും, ഒപ്പം ദത്തെടുക്കല്‍ പോലുള്ള എല്ലാ നിയമ പരിരക്ഷയും സ്വവർഗ ദമ്പതികൾക്കും ലഭിക്കും. 2001 മുതല്‍ ജര്‍മനിയില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഒരുമിച്ചു ജീവിയ്ക്കാനും പൊതുസ്ഥലങ്ങളില്‍ പ്രവര്‍ത്തിയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും ദമ്പതികള്‍ക്കു ലഭിയ്ക്കുന്ന ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നുള്ള നിയമം പ്രാബല്യത്തിലാക്കിയത് ഈ വര്‍ഷം ജൂണിലാണ്.

സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കിയ യൂറോപ്പിലെ പതിനഞ്ചാമത്തെ രാജ്യമാണ് ജര്‍മനി.ലോകത്തിലാദ്യമായി നെതര്‍ലന്‍ഡ്സാണ് സ്വവര്‍ഗ്ഗവിവാഹം നിയമത്തിലൂടെ അംഗീകരിച്ച രാജ്യം. തുടര്‍ന്ന് ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ഈസ്ലാന്റ്, അയര്‍ലണ്ട്, ലക്സംബര്‍ഗ്, നോര്‍വെ, പോര്‍ച്ചുഗല്‍, സ്പെയിന്‍ സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ ഡച്ചുകാരുടെ പാത പിന്തുടര്‍ന്നു.നിലവിൽ സ്വവര്‍ഗ്ഗാനുരാഗികളായ 94,000 ഇണകള്‍ ജര്‍മനിയില്‍ വിവാഹിതരാവാന്‍ കാത്തിരിയ്ക്കുന്നതായാണു സർക്കാർ കണക്കുകൾ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x