പൊതുമേഖലയില്‍ വിദേശി ജീവനക്കാരുടെ എണ്ണം 10% മാത്രമായി നിജപ്പെടുത്താന്‍ ആലോചന. പാര്‍ലമെന്റിന്റെ റീപ്ലെയ്സ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് കമ്മിറ്റി തയാറാക്കുന്ന റിപ്പോര്‍ട്ടില്‍ അത്തരം നിര്‍ദേശമുണ്ടെന്നാണ് സൂചന. കരട് റിപ്പോര്‍ട്ട് താമസിയാതെ കമ്മിറ്റി പരിഗണിക്കാനിരിക്കയാണ്.
കുവൈത്തിലെ ദേശീയ വിമാന കമ്പനിയായ കുവൈറ്റ് എയര്‍വേയ്സ് പുതിയ എട്ടു വിമാനങ്ങള്‍ കൂടി വാങ്ങുന്നു. എയര്‍ബസ് എ 330800 നിയോ വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളാണ് ഇവ. ഇത് സംബന്ധിച്ച കരാറില്‍ ഫ്രാന്‍സില്‍ ഒപ്പുവെച്ചതായും കുവൈറ്റ് എയര്‍വെയ്സ് ചെയര്മാന് യൂസഫ് അല്‍ജസീം കുവൈറ്റ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
കുവൈത്തില്‍ കരമാര്‍ഗമുള്ള എല്ലാ അതിര്‍ത്തി കവാടങ്ങളിലും പുതിയ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന പദ്ധതി പൂര്‍ത്തിയായി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം നിരോധിത വസ്തുക്കളുടെ ഇറക്കുമതിയും, കടത്തും ശക്തമായി നിരീക്ഷിക്കുയാണ് പദ്ധതിയുടെ ലക്ഷ്യമെന്നു ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് അറിയിച്ചു.
സ്ത്രീകള്‍ക്കെതിരായ അതിക്രമം രാജ്യം നേരിടുന്ന പ്രധാന പ്രശ്നമാണെന്നു പഠന റിപ്പോര്‍ട്ട്. കുവൈത്ത് സര്‍വകലാശാലയിലെ വാര്‍ത്താവിതരണ വിഭാഗം പ്രഫസര്‍ ഡോ.ഫാതിമ അല്‍ സലീമിന്റെ നേതൃത്വത്തില്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
വിദേശത്തു നിന്ന് അവിദഗ്ധ തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതു പൂര്‍ണമായും നിര്‍ത്തലാക്കാനൊരുങ്ങി കുവൈത്ത്. പാര്‍ലമെന്റിലെ റീപ്ലെയ്സ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് ക്രൈസിസ് കമ്മിറ്റി ചെയര്മാന് ഖാലിദ് അല്‍ സാലെയാണ് നിര്‍ദേശം മുന്നോട്ട് വച്ചത്.
കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ മിന്നല്‍ പരിശോധന നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക സമിതി രൂപീകരിക്കുന്നു. വിവിധ മന്ത്രാലങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാകും സമിതി. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും നിയമലംഘനങ്ങള്‍ കണ്ടെത്തുകയുമാണ് ലക്ഷ്യം.
ലോകത്ത് പട്ടിണി കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് എട്ടാമത്. അറബ് തലത്തില്‍ കുവൈത്താണ് ഒന്നാമത്. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ ഗവേഷണ സ്ഥാപനം തയാറാക്കിയ 15 രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്ത് ഉള്‍പ്പെട്ടത്.
കേന്ദ്ര ഭരണ വിഭാഗം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കുവൈത്തിലേക്കുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന. പത്തു ലക്ഷം ഇന്ത്യക്കാരാണു കുവൈത്തില്‍ അധിവസിക്കുന്നത്. ഇതില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആറു ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ഭരണ വിഭാഗം പുറത്ത് വിട്ട സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു.
വാട്സാപ് തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളും ലിങ്കുകളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ തൗഹീദ് അല്‍ കന്ദരി പറഞ്ഞു.
കുവൈത്തില്‍ ആരോഗ്യമന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരുടെയും വിദ്യാഭ്യാസ യോഗ്യത പുനഃപരിശോധിക്കാന്‍ തീരുമാനം. ഡോക്ടര്‍മാര്‍ നഴ്സുമാര്‍ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാരുടെയും അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പു വരുത്തുന്നതിനാണ് നടപടി.