ഖത്തറില്‍ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാതിരിപ്പറ്റ മീത്തല്‍ വയല്‍ തയ്യില്‍ നസീര്‍ (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഖത്തറിലെ അല്‍കീസയില്‍ നിന്ന് ദോഹയിലേക്ക് പോകുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.
സൂപ്പര്‍ പെട്രോള്‍, പ്രീമിയം പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കാണ് വില കുറയുക. പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 25 ദിര്‍ഹത്തിന്റെ കുറവുണ്ടാകും. സൂപ്പര്‍ പെട്രോളിന് 25 ദിര്‍ഹവും ഡീസലിന് പതിനഞ്ച് ദിര്‍ഹവും പുതിയ മാസം കുറവുണ്ടാകും. ജൂണില്‍ ഒരു റിയാല്‍ 95 ദിര്‍ഹമായിരുന്ന പ്രീമിയം പെട്രോളിന്റെ പുതിയ വില ഒരു റിയാല്‍ എഴുപത് ദിര്‍ഹമാണ്.
ഖത്തറില്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ഉച്ചവിശ്രമനിയമം പത്ര, ഭക്ഷണ വിതരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. നിയമം ലഘിച്ച് ഇത്തരക്കാരെ ജോലിയെടുപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നും തൊഴില്‍ മന്ത്രാലയ പ്രതിനിധി അറിയിച്ചു.
പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കാന്‍ ദോഹ നഗരസഭയുടെ ക്യാംപെയ്ന് ഇന്നു തുടങ്ങും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്ന കമ്മിറ്റിയുടെ പങ്കാളിത്തത്തോടെയാണ് ക്യാംപെയ്ന് നടത്തുന്നത്. ശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നവീകരിച്ച വെബ്സൈറ്റ് ലോഞ്ച് ചെയ്തു. ഖത്തറിലേക്ക് തൊഴില്‍ തേടിയെത്തുന്ന ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നതിനായുള്ള പുതിയ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാകുമെന്ന് ഐ.സി.സി നേതൃത്വം അറിയിച്ചു.
സ്വകാര്യ സ്കൂളുകളുടെ ശേഷി, ട്യൂഷന് ഫീസ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള റഫറന്‍സ് ചട്ടക്കൂടിന്റെ വികസനം, സ്വകാര്യ സ്കൂളുകള്‍ തമ്മിലുള്ള ബന്ധം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുടെ അഭാവം, അധ്യാപകരുടെ എണ്ണം തുടങ്ങി വിഷയങ്ങളാണ് ഖത്തര്‍ ചേംബര്‍ വിദ്യാഭ്യാസ സമിതി ചര്‍ച്ച ചെയ്തത്.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വേനല്ക്യാംപിന് ജൂലൈ 14ന് തുടക്കമാകും. തുടര്‍ച്ചയായ 3ാം വര്‍ഷമാണ് വേനല്‍ ക്യാംപ് നടത്തുന്നത്. രാജ്യത്തുടനീളമായി 14 കേന്ദ്രങ്ങളിലായി നടത്തുന്ന വേനല്‍ ക്യാംപില്‍ 7 കേന്ദ്രങ്ങള്‍ ആണ്‍കുട്ടികള്‍ക്കും 7 എണ്ണം പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ്.
ഇന്ത്യന്‍- ഖത്തര്‍ ആര്‍ടിസ്റ്റുകളുടെ സംയുക്ത ചിത്ര പ്രദര്‍ശനത്തിന് കത്താറ പൈതൃക കേന്ദ്രത്തില്‍ തുടക്കമായി. പോര്‍ട്രെയ്റ്റ് എന്ന സംയുക്ത പ്രദര്‍ശനത്തില്‍ ഖത്തറി കലാകാരന് എബ്തെസാം അല്‍ സഫറിന്റെയും ഇന്ത്യയുടെ സുരഭി ഗെയ്ക് വാദിന്റെയും പെയിന്റിങ്ങുകളാണുള്ളത്.
ഭാരമേറിയ ട്രക്കുകള്‍, മെഷീനുകള്‍ എന്നിവയുടെ പാര്‍ക്കിങ്ങിനായി നഗരസഭ പരിസ്ഥിതി മന്ത്രാലയം 5 ഇടങ്ങളില്‍ സ്ഥലം അനുവദിച്ചു. 4 സ്ഥലം അല്‍ റയ്യാന്‍ നഗരസഭയിലും ഒരെണ്ണം ഉം സലാല്‍ നഗരസഭയിലുമാണ്. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ നഗരാസൂത്രണ വിഭാഗമാണ് പ്രത്യേക പാര്‍ക്കിങ് സ്ഥലം അനുവദിച്ചത്.
രണ്ട് വര്‍ഷം കൊണ്ട് 42 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഖത്തര്‍ ചേംബര്‍ വ്യക്തമാക്കി. 2016 ല്‍ 31 ബില്യണായിരുന്നത് 2018 ല്‍ 44 ബില്യണിലെത്തി. ഇന്ത്യന്‍ വ്യാപാര പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഖത്തര്‍ ചേംബര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ തോവാര്‍ അല്‍ കുവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.