ജാഗ്രതയില്ലായ്മയാണ് 70% സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും അനുബന്ധ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതെന്നു സാമ്പത്തിക, ഇലക്ട്രോണിക്സ് കുറ്റകൃത്യവിഭാഗം മേധാവി ക്യാപ്റ്റന്‍ മുദാവി സയീദ് അല്‍ ഖഹ്താനി. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടാന്‍ ആവശ്യമായ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഖത്തര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിപ്പ വൈറസിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറിക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഖത്തര്‍ പിന്‍വലിച്ചു. നിപ്പാ വൈറസ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നാണ് തീരുമാനം. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ, ഭക്ഷ്യ നിയന്ത്രണ വിഭാഗമാണു നിരോധനം നീക്കിയതായി അറിയിച്ചത്.
രാജ്യത്ത് വടക്കുപടിഞ്ഞാറു ദിശയില്‍ ഉച്ചസമയത്ത് ശക്തമായ പൊടിക്കാറ്റു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തന്മൂലം ഹൈവേകളില്‍ ദൂരക്കാഴ്ച കുറയുമെന്നും രാവിലത്തെ സമയങ്ങളില്‍ നാലു മുതല്‍ എട്ടു കിലോമീറ്റര്‍ വരെ ദൂരക്കാഴ്ച ഉണ്ടാകുമെങ്കിലും പൊടിക്കാറ്റ് ശക്തമാകുന്നതോടെ ദൂരക്കാഴ്ച രണ്ടു കിലോമീറ്ററായി ചുരുങ്ങുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മൊബൈല്‍ നെറ്റ്വര്‍ക്ക് വേഗത്തില്‍ ഖത്തര്‍ ലോകത്ത് ഒന്നാമത്. ജൂണില്‍ നോര്‍വെയെ മറികടന്നാണു ഖത്തര്‍ ഒന്നാം സ്ഥാനത്തെത്തിയത്. സെക്കന്‍ഡില്‍ 63.22 എംബിയാണു ഖത്തറിലെ മൊബൈല്‍ ഡൗണ്‍ലോഡ് വേഗം. 16.53 എംബിപിഎസാണ് അപ്ലോഡ് വേഗം. ലോകത്തെ നെറ്റ്വര്‍ക്ക് വേഗത്തെക്കുറിച്ച് ഓരോ മാസവും റിപ്പോര്‍ട്ട് തയാറാക്കുന്ന ഊക്ല സ്പീഡ് ടെസ്റ്റ് ഇന്ഡക്സിലാന് ഖത്തര്‍ ഒന്നാമതെത്തിയത്.
ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ രജിസ്ട്രേഷന് സൗദി അറേബ്യ പുതിയ ലിങ്ക് ഏര്‍പ്പെടുത്തി. ആദ്യം ഏര്‍പ്പെടുത്തിയ ലിങ്ക് ഖത്തര്‍ അധികൃതര്‍ ബ്ലോക്ക് ചെയ്തെന്ന് കാണിച്ചാണ് നടപടി. ഹജ്ജ്, ഉംറ മന്ത്രാലയമാണ് പുതിയ ലിങ്ക് ഏര്‍പ്പെടുത്തിയത്.
അല്‍ മനസീര്‍ ഇന്റര്‍സെക്ഷനില്‍ ഇന്നുമുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുന്നു. നാലുവരി ഗതാഗതം സാധ്യമാക്കുന്ന സിഗ്നല്‍ നിയന്ത്രിത താല്‍ക്കാലിക റൗണ്ട് എബൗട്ടിലൂടെയാണു ശനിമുതല്‍ വാഹനങ്ങള്‍ കടത്തിവിടുക.
ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. ഓമശ്ശേരി വെളിമണ്ണ അമ്പായകുന്ന് ആശാരിക്കല്‍ ഇബ്രാഹിം (55) ആണ് മരിച്ചത്. ജൂലൈ ആറിന് രാത്രി അല്ഖോറിലായിരുന്നു അപകടം.
പഴയ വിമാനത്താവളത്തോടു ചേര്‍ന്ന പാര്‍പ്പിടമേഖലകളിലെ റോഡുകളുടെ വികസനത്തിന് അഷ്ഗാല്‍ തുടക്കം കുറിച്ചു. തിഹാമ, അല്‍ മന്‍സൂര്‍ സ്ട്രീറ്റുകളുടെ വികസന ജോലികളാണ് ആരംഭിച്ചിരിക്കുന്നതെന്ന് അഷ്ഗാല്‍ പാത പദ്ധതി ദോഹ മേഖല മേധാവി മുഹമ്മദ് അര്‍ഖൂബ് അല്‍ ഖാലിദി അറിയിച്ചു.
ഖത്തറിലെ ടാക്സി യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കര്‍വ്വ. കര്‍വ ടാക്സി ബുക്കിങ് ചാര്‍ജ്ജ് ഈടാക്കില്ലെന്നു മൊവാസലാത്ത് അറിയിച്ചു. ടെക്നോളജി സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ഫെബ്രുവരി മുതല്‍ ഈടാക്കിയിരുന്ന 1 റിയാല്‍ ചാര്‍ജും ഇനി മുതല്‍ ഉണ്ടാവില്ലെന്ന് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.
ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് വിമാനത്തിനുള്ള സ്കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ പുരസ്കാരം ഖത്തര്‍ എയര്‍വേസിന്. ആറാം തവണയും തുടര്‍ച്ചയായ മൂന്നാം തവണയുമാണു ഖത്തര്‍ എയര്‍വേസ് ഈ പുരസ്കാരം സ്വന്തമാക്കുന്നത്.