Currency

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം അടുത്ത വര്‍ഷം മധ്യത്തോടെ

സ്വന്തം ലേഖകന്‍Friday, December 22, 2017 8:26 am

 

ജിദ്ദ: നിര്‍മാണത്തിലിരിക്കുന്ന പുതിയ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം അടുത്ത വര്‍ഷം മധ്യത്തോടെ ഉദ്ഘാടനം ചെയ്യും. സൗദി സിവില്‍ ഏവിയേഷന്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നൂറ്റി അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ളതാണ് വിമാനത്താവളം. ഇത് തുറക്കുന്നതോടെ വര്‍ഷത്തില്‍ പത്തു കോടി വരെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ആദ്യ ഇരുപത് വര്‍ഷങ്ങളില്‍ സിംഗപ്പൂര്‍ കമ്പനിയായ ചാംഗി എയര്‍പോര്‍ട്ട് ഗ്രൂപ്പിനായിരിക്കും വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല.

മാറുന്ന ജിദ്ദ നഗരത്തിന്റെ സാംസ്‌കാരിക അടയാളങ്ങളില്‍ പ്രധാനപ്പെട്ട പദ്ധതിയാണ് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം. വികസനത്തിന്റെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായി വരുന്നത്. അടുത്ത വര്‍ഷം മധ്യത്തോടെ വിമാനത്താവളം യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുന്നതോടെ വര്‍ഷത്തില്‍ മൂന്ന് കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ 10 കോടി യാത്രക്കാര്‍ക്ക് പ്രതിവര്‍ഷം വിമാനത്താവളം ഉപയോഗപ്പെടുത്താന്‍ സാധിക്കും.

ലഗേജ് പരിശോധനക്കായി 32 എക്‌സ്‌റേ മെഷീനുകള്‍. നീക്കം ചെയ്യാനായി 33 കിലോമീറ്റര്‍ നീളത്തിലുള്ള കണ്‍വെയര്‍ ബെല്‍റ്റുകള്‍. പുതുതായി 132 ലിഫ്റ്റുകള്‍, 220 എമിഗ്രേഷന്‍ കൗണ്ടറുകള്‍, 80 സെല്‍ഫ് സര്‍വ്വീസ് മെഷീനുകള്‍, 96 എയ്റോ ബ്രിഡ്ജുകള്‍, അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള ഓട്ടോമാറ്റിക് ട്രെയിന്‍, ഒരേസമയം 70 വിമാനങ്ങളില്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം, മൂവായിരം പേര്‍ക്ക് പ്രാര്‍ഥിക്കാന്‍ സൗകര്യമുളള മസ്ജിദ് തുടങ്ങിയവയാണ് പുതിയ വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്.

ടെര്‍മിനലുകളിലേക്ക് യാത്രക്കാര്‍ക്ക് സഞ്ചരിക്കുന്നതിന് ഇലക്ട്രിക് ബസുകളും സജ്ജീകരിക്കും.136 മീറ്റര്‍ ഉയരത്തില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറും ജിദ്ദ എയര്‍പോര്‍ട്ടില്‍ നിര്‍മാണത്തിലാണ്. ലോകത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍പ്പെട്ടതാണ് ജിദ്ദ കിംഗ് അബ്ദുല്‍ അസിസ് അന്താരാഷ്ട്ര വിമാനത്താവളം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x