Currency

യുഎഇയില്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

സ്വന്തം ലേഖകന്‍Wednesday, February 28, 2018 11:58 am

അബൂദബി: യുഎഇയില്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കിയ ശേഷം ആദ്യത്തെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ജനുവരി 31ന് ആദ്യ നികുതി കാലയളവ് അവസാനിക്കവെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ മുഴുവന്‍ സ്ഥാപനങ്ങളും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരാണ്. ഫെബ്രുവരി 28ന് ശേഷം സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക് മാത്രമല്ല, നികുതി കുടിശ്ശികക്കും പിഴയടക്കേണ്ടി വരുമെന്ന് ടാക്‌സ് അതോറ്റിറ്റി മുന്നറിയിപ്പ് നല്‍കി.

ടാക്‌സ് അതോറിറ്റിയുടെ പോര്‍ട്ടല്‍ വഴി 24 മണിക്കൂറും റിട്ടേണ്‍ സമര്‍പ്പിക്കാനും നികുതിയടക്കാനും സൗകര്യമുണ്ട്. അതോറിറ്റിയെയും യുഎഇ സെന്‍ട്രല്‍ ബാങ്കിനെയും ബന്ധിപ്പിക്കുന്ന യുഎഇ ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെയും നികുതി അടക്കാം. നികുതി അടക്കുന്ന സ്ഥാപനത്തിന്റെ പേര്, വിലാസം, വാറ്റ് രജിസ്‌ട്രേഷന്‍ നമ്പര്‍, നികുതി റിട്ടേണിന്റെ കാലയളവ്, സമര്‍പ്പിക്കുന്ന തിയതി, നികുതി കാലയളവിലെ സ്റ്റാന്‍ഡേഡ് റേറ്റഡ് സപ്ലൈയുടെ മൂല്യം, നികുതി ഈടാക്കിയതിന്റെ രശീതി, നികുതി കാലയളവിലെ സീറോ റേറ്റഡ് സപ്ലൈയുടെ മൂല്യം തുടങ്ങി പത്ത് കാര്യങ്ങള്‍ റിട്ടേണില്‍ നിര്‍ബന്ധമാണെന്നും അതോറിറ്റി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x