Currency

കൊവിഡ് വാക്‌സീന് ബ്രിട്ടനില്‍ അനുമതി; അടുത്തയാഴ്ച വിതരണം: അനുമതി നല്‍കുന്ന ലോകത്തെ ആദ്യ രാജ്യം

സ്വന്തം ലേഖകന്‍Wednesday, December 2, 2020 4:13 pm

ലണ്ടന്‍: ലോകത്ത് ആദ്യമായി കോവിഡ് വാക്സീന് അനുമതി. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച വാക്സീന്‍ ബ്രിട്ടനില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി. പരീക്ഷണം പൂര്‍ത്തിയാക്കി, വിജയമുറപ്പിച്ച് അംഗീകാരം നേടുന്നത് ആദ്യമാണ്. അടുത്തആഴ്ച ആദ്യം വിതരണം ആരംഭിക്കും. വാക്സീന്‍ 95 ശതമാനം ഫലപ്രദമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് യുകെ സര്‍ക്കാര്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. മുന്‍ഗണനാപട്ടികയിലുള്ള രോഗം കൂടുതല്‍ ബാധിക്കാന്‍ ഇടയുള്ളവര്‍ക്കായിരിക്കും ആദ്യം നല്‍കുക. വാക്സീന്‍ സുരക്ഷിതമെന്ന സ്വതന്ത്രസമിതിയുടെ വിലയിരുത്തല്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

ഏത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കേണ്ടതെന്ന് ഉന്നത സമിതി തീരുമാനിക്കും. ഫൈസര്‍- ബയോഎന്‍ടെക് വാക്‌സിന്‍ പൂര്‍ണതോതില്‍ ബ്രിട്ടണ്‍ അനുമതി നല്‍കി. വയോജനങ്ങള്‍ക്കായിരിക്കും ആദ്യം വാക്‌സിന്‍ നല്‍കുകയെന്നാണ് വിവരം. 40 മില്യണ്‍ ഡോസ് വാക്‌സിനാണ് രാജ്യം ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. 20 മില്യണ്‍ ആളുകള്‍ക്ക് നല്‍കാന്‍ ഇത് തികയും. ആദ്യം 10 മില്യണ്‍ ഡോസ് ആണ് തയാറാകുക. അടുത്ത ദിവസങ്ങളില്‍ 8 ലക്ഷം ഡോസ് വാക്‌സിന്‍ രാജ്യത്തെത്തും. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെ ‘വാക്‌സിന്റെ പ്രതിരോധം അവസാനം ജീവിതം തിരിച്ചു പിടിക്കാനും സമ്പദ് ഘടനയെ ചലിപ്പിക്കാനും അനുവദിക്കും.’

ജര്‍മന്‍ കമ്പനിയായ ബിയോണ്‍ ടെകുമായി ചേര്‍ന്നാണ് ഫൈസറിന്റെ വാക്സീന്‍ പരീക്ഷണം. യുഎസിലും ഈ വാക്സീന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്. വിദേശത്ത് അനുമതി ലഭിച്ചെങ്കിലും ഉടനെയൊന്നും ഇന്ത്യയില്‍ ലഭ്യമാകില്ല. ഇന്ത്യയില്‍ പരീക്ഷണം നടക്കുന്നില്ല എന്നും വളരെയധികം താഴ്ന്ന താപനിലയില്‍ മാത്രമേ വാക്സീന്‍ സൂക്ഷിക്കാനാകൂ എന്നതുമാണ് കാരണം.

മൈനസ് 70 ഡിഗ്രിപോലുള്ള വളരെയധികം താഴ്ന്ന താപനിലയില്‍ സൂക്ഷിക്കാനും വിതരണം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുക നിലവിലെ അവസ്ഥയില്‍ രാജ്യത്തിന് വെല്ലുവിളിയാണ്. എന്നാല്‍ സാധ്യമായ നടപടികള്‍ക്കായി ഫൈസറുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x