Currency

വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഫീസ് 500 ദിനാര്‍; പുതിയ ഗതാഗത നിയമം വരുന്നു

സ്വന്തം ലേഖകന്‍Friday, October 26, 2018 11:33 am
lice

കുവൈത്ത് സിറ്റി: വിദേശികള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ 500 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തും. ലൈസന്‍സ് പുതുക്കുന്നതിന് 50 ദിനാര്‍ ആകും ഫീസ്. അതുള്‍പ്പെടെ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പുതിയ ഗതാഗത നിയമം ആഭ്യന്തര മന്ത്രാലയം തയാറാക്കി. ഫത്വ- നിയമ നിര്‍മാണ സമിതിയുടെ അനുമതി ലഭിക്കുന്നതോടെ കരട് ബില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും.

പാര്‍ലമെന്റ് സമ്മേളന കാര്യപരിപാടിയിലെ മുന്‍ഗണനാ വിഷയത്തില്‍ ബില്‍ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ആഭ്യന്തര മന്ത്രാലയം. വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള ഫീസ് 100 മുതല്‍ 500 ദിനാര്‍ വരെയായി ഉയര്‍ത്തും. ഓരോ വ്യക്തിയുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയാകും ഫീസ് നിര്‍ണയിക്കുക. ട്രാഫിക്കിലെ ചുവപ്പ് സിഗ്‌നല്‍ മറികടന്നാല്‍ പിഴ 500 ദിനാര്‍ ആയി വര്‍ധിപ്പിക്കും. നിലവില്‍ 50 ദിനാറാണ്. അശ്രദ്ധമായി വാഹനമോടിക്കല്‍, റോഡില്‍ കാര്‍ സ്റ്റണ്ട് എന്നിവയ്ക്കും 500 ദിനാര്‍ പിഴ ചുമത്തും. ഗുരുതര നിയമലംഘനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും. രണ്ടു മാസത്തേക്കാകും വാഹനം കണ്ടുകെട്ടുക. അറസ്റ്റിലാകുന്നവരെ 48 മണിക്കൂര്‍ വരെ തടവിലാക്കുന്നതും കോടതിവിധിപ്രകാരം രണ്ടു മാസംവരെ ജയില്‍ശിക്ഷ നല്‍കുന്നതുമാണ്.

ഗുരുതരമല്ലാത്ത നിയമലംഘനങ്ങള്‍ക്കു 10 ദിനാര്‍ മുതല്‍ 200 ദിനാര്‍ വരെ പിഴയുണ്ടാകും. നിരോധിത മേഖലയില്‍ പാര്‍ക്ക് ചെയ്യല്‍, ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് മേഖല കയ്യേറല്‍, അമിതവേഗം, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം, ഡ്രൈവിങ് ലൈസന്‍സും വാഹനങ്ങളുടെ രേഖയും ഇല്ലാതെ ഡ്രൈവിങ്, കാലാവധി കഴിഞ്ഞ ലൈസന്‍സ്, എതിര്‍ദിശയില്‍ വാഹനമോടിക്കല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, ഗതാഗത നിയമം പാലിക്കുന്നതിലെ വീഴ്ച, ട്രാഫിക് പട്രോളിങ് ടീമിന്റെ നിര്‍ദേശം മാനിക്കാതിരിക്കല്‍ എന്നിവ ഗുരുതരമല്ലാത്ത നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x